റിപ്പോ കുറഞ്ഞതോടെ പലിശയിൽ വലിയ കുറവ് വരും. ഈ സാഹചര്യത്തിൽ ബാങ്കുകൾ പലിശ കുറയ്ക്കുന്നതിന് മുൻപ് നിക്ഷേപകർക്ക് ഈ സമയം എങ്ങനെ പ്രയോജനപ്പെടുത്താം?
അഞ്ച് വർഷത്തിന് ശേഷം ആദ്യമായി റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറിച്ചിരിക്കുകയാണ്. ഇതോടെ രാജ്യത്ത് വായ്പ എടുത്തവർക്ക് ആശ്വാസമായിട്ടുണ്ട്. കാരണം, താമസിയാതെ തന്നെ വായ്പ പലിശ നിരക്ക് കുറയും. എന്നാൽ ഈ തീരുമാനം തിരിച്ചടിയായിട്ടുള്ളത് നിക്ഷേപകർക്കാണ് അതായത്, ബാങ്കിൽ സ്ഥിരനിക്ഷേപം നടത്തുന്നവർക്ക്. റിപ്പോ നിരക്ക് കൂടിയതോടെ രാജ്യത്തെ ബാങ്കുകൾ എല്ലാം തന്നെ ഉയർന്ന പലിശയാണ് സ്ഥിര നിക്ഷേപത്തിന് നൽകുന്നത്. എന്നാൽ റിപ്പോ കുറഞ്ഞതോടെ പലിശയിൽ വലിയ കുറവ് വരും. ഈ സാഹചര്യത്തിൽ ബാങ്കുകൾ പലിശ കുറയ്ക്കുന്നതിന് മുൻപ് നിക്ഷേപകർക്ക് ഈ സമയം എങ്ങനെ പ്രയോജനപ്പെടുത്താം?
റിസർവ് ബാങ്ക് റിപ്പോ നിരക്ക് 25 ബിപിഎസ് കുറച്ച് 6.25 ശതമാനമാണാക്കിയത്. എന്താണ് റിപ്പോ നിരക്ക്? റിപ്പോ കുറയുമ്പോൾ എഫ്ഡി നിരക്കുകൾ കുറയുന്നത് എന്തുകൊണ്ട്? വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പക്കുള്ള പലിശ നിരക്കാണ് റിപ്പോ. അതിനാൽ തന്നെ ആർബിഐ പലിശ കുറയ്ക്കുമ്പോൾ ബാങ്കുകൾക്ക് കുറഞ്ഞ ചിലവിൽ പണം കടം വാങ്ങാം. ഇതോടെ ബാങ്കുകൾ നൽകുന്ന വായ്പകളുടെ പലിശ നിരക്കും കുറയുന്നു. അതേസമയം, വിപണിയിലെ അധിക പണം തിരിച്ചെടുക്കാൻ റിസർവ് ബാങ്ക് ഹ്രസ്വകാലത്തേക്ക് ബാങ്കുകളിൽ നിന്ന് പണം കടമെടുക്കുന്ന നിരക്കാണ് റിവേഴ്സ് റിപ്പോ നിരക്ക്.
2023 ഫെബ്രുവരി മുതല്‍ റിപ്പോ 6.5 ശതമാനത്തില്‍ തുടരുകയാണ്. 2023 ഫെബ്രുവരിയിലാണ് അവസാനമായി പലിശ നിരക്കില്‍ ആർബിഐ മാറ്റം വരുത്തിയത്. അന്ന് റിപ്പോ നിരക്ക് 6.25 ശതമാനത്തില്‍ നിന്ന് 6.5 ശതമാനമായി ഉയര്‍ത്തിയിരുന്നു. ഇതോടെ രാജ്യത്തെ ബാങ്കുകൾ എല്ലാം തന്നെ സ്ഥിര നിക്ഷേപത്തിന്റെ പലിശ കൂട്ടിയിരുന്നു. റിപ്പോ കുറഞ്ഞതോടെ ബാങ്കുകൾ സ്ഥിര നിക്ഷേപത്തിൻ്റെ പലിശ കുറച്ചേക്കാം. ഇതിന് മുൻപ് ഉയർന്ന പലിശ നിരക്കിൽ നിക്ഷേപകർക്ക് ഇപ്പോൾ നിക്ഷേപിക്കാം.
