ദില്ലി: ബാങ്കുകളിൽ നിന്നും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പയായെടുത്ത 26000 കോടി രൂപയാണ് തിരിച്ചടക്കാനുള്ളതെന്ന് കടം കയറി നിൽക്കക്കള്ളിയില്ലാതായ റിലയൻസ് കമ്യൂണിക്കേഷൻ. എന്നാൽ ഇന്ത്യൻ ബാങ്കുകളും മറ്റ് വായ്പാ ദാതാക്കളും പറയുന്നത് നിലവിൽ പാപ്പരത്വ നടപടികളിലൂടെ പോകുന്ന കമ്പനി 86000 കോടിയോളം നൽകാനുണ്ടെന്നാണ്. 

റിലയൻസ് കമ്യൂണിക്കേഷൻസ് 49000 കോടിയും റിലയൻസ് ടെലികോം 24000 കോടിയും റിലയൻസ് ഇൻഫ്രാടെൽ 12600 കോടിയും നൽകാനുണ്ടെന്നാണ് നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ മുൻപാകെ വായ്പാ ദാതാക്കൾ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും ഈ വാദം നീതിയുക്തമല്ലെന്നും ദില്ലി ഹൈക്കോടതിയുടെ ഇടക്കാല വിധി ഇത് തള്ളിയതാണെന്നും റിലയൻസ് കമ്യൂണിക്കേഷൻസ് വാദിക്കുന്നു.

ടെലികോം സെക്ടറിലെ സാമ്പത്തിക പ്രതിസന്ധി പുതിയ കമ്പനിയുടെ രംഗപ്രവേശത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നതെന്നാണ് റിലയൻസ് കമ്യൂണിക്കേഷൻസ് ഇന്ന് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നത്. എയർസെൽ, സിസ്റ്റെമ, വീഡിയോകോൺ, ടാറ്റ ഡൊകൊമോ തുടങ്ങി നിരവധി കമ്പനികൾക്കാണ് പ്രവർത്തനം അവസാനിപ്പിക്കേണ്ടി വന്നതെന്നും കമ്പനി പറയുന്നു. കഴിഞ്ഞ 15 മാസത്തിനിടെ വൊഡഫോൺ ഐഡിയക്ക് ഒരു ലക്ഷം കോടി രൂപയുടെ നഷ്ടം സംഭവിച്ചുവെന്നും കമ്പനി ഉദാഹരണമായി ചൂണ്ടിക്കാട്ടി.