തിരുവനന്തപുരം: നവകേരള നിര്‍മാണത്തിന് വീണ്ടും വായ്പ വാഗ്ദാനം നല്‍കി ജര്‍മനി. ആദ്യഘട്ടമായി അനുവദിച്ച 1,370 കോടിക്ക് പുറമേ ഏകദേശം 1,500 കോടി കൂടി നല്‍കാനാണ് ജര്‍മന്‍ വികസന ബാങ്ക് (കെഎഫ്ഡബ്യൂ) അധികൃതര്‍ സംസ്ഥാന സര്‍ക്കാരിനെ സന്നദ്ധത അറിയിച്ചത്. 

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ജര്‍മന്‍ വികസന ബാങ്ക് അതികൃതര്‍ റീബില്‍ഡ്  കേരള ഇനിഷ്യേറ്റീവ് മേധാവികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യങ്ങള്‍ വിശദമാക്കിയത്. ഏകദേശം നാല് ശതമാനം പലിശ നിരക്കിലാണ് വായ്പ അനുവദിക്കുന്നത്. ഡവലപ്മെന്‍റ് പോളിസി വായ്പ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് വായ്പ അനുവദിക്കുന്നത്. 

1,500 കോടി മുതല്‍ 1,750 കോടി രൂപ വരെ ഈ വിഭാഗത്തില്‍ വായ്പയായി ലഭിക്കും. കേരളം ഇക്കാര്യങ്ങളുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയാണ് വായ്പയുടെ തുകയില്‍ അവസാന തീരുമാനം എടുക്കുക. ആദ്യ വായ്പയായി അനുവദിച്ച 1,370 കോടി രൂപയില്‍ ആദ്യ ഗഡുവായ 720 കോടി രൂപ സര്‍ക്കാരിന് ലഭിച്ചിരുന്നു.