ഡോളറിനെതിരെ 12 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഒറ്റ ദിന മുന്നേറ്റം നടത്തി ഇന്ത്യന്‍ രൂപ. റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങളാണ് ഈ കുതിപ്പിന് പ്രധാന കാരണം. എന്നാല്‍, ഇറാന്‍ യുദ്ധത്തെ തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില ഉയരുന്നത് രൂപയുടെ തുടര്‍ന്നുള്ള മുന്നേറ്റത്തിന് വെല്ലുവിളിയാകുന്നുണ്ട്.
തിരുവനന്തപുരം: ഡോളറിനെതിരെ റെക്കോര്‍ഡ് നേട്ടവുമായി ഇന്ത്യന്‍ രൂപ. കഴിഞ്ഞ 12 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഒറ്റ ദിന മുന്നേറ്റമാണ് ഇന്ന് രൂപ രേഖപ്പെടുത്തിയത്. ഡോളറിനെതിരെ രൂപയുടെ മൂല്യം 1.8 ശതമാനം വര്‍ധിച്ച് 93.17 നിലവാരത്തിലെത്തി. 2013 സെപ്റ്റംബറിന് ശേഷമുള്ള രൂപയുടെ ഏറ്റവും കരുത്തുറ്റ തിരിച്ചുവരവാണിത്. രൂപയുടെ മൂല്യത്തിലുണ്ടാകുന്ന അമിതമായ ചാഞ്ചാട്ടം തടയാന്‍ റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങളാണ് ഈ കുതിപ്പിന് പ്രധാന കാരണം. രണ്ടു ദിവസത്തെ അവധിക്ക് ശേഷം വിപണി തുറന്നപ്പോള്‍ വന്‍ കുതിപ്പാണ് രൂപയിലുണ്ടായത്.
ആര്‍ബിഐയുടെ 'സര്‍ജിക്കല്‍ സ്‌ട്രൈക്ക്'
രൂപയുടെ മൂല്യം ഇടിയുന്നത് തടയാന്‍ ഏപ്രില്‍ ഒന്നിനാണ് റിസര്‍വ് ബാങ്ക് പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. ബാങ്കുകള്‍ തങ്ങളുടെ ഇടപാടുകാര്‍ക്ക് 'നോണ്‍-ഡെലിവറബിള്‍ ഫോര്‍വേഡ്സ്' എന്നറിയപ്പെടുന്ന വിനിമയ കരാറുകള്‍ നല്‍കുന്നത് ആര്‍ബിഐ വിലക്കി. കൂടാതെ, വിദേശ വിനിമയ കരാറുകള്‍ റദ്ദാക്കിയാല്‍ കമ്പനികള്‍ക്ക് അവ വീണ്ടും ബുക്ക് ചെയ്യാനുള്ള അനുവാദവും റദ്ദാക്കി. ഇതോടെ വിപണിയില്‍ ഡോളറിനായുള്ള ഡിമാന്‍ഡ് കുറയുകയും രൂപയ്ക്ക് സ്ഥിരത കൈവരുകയും ചെയ്തു. കഴിഞ്ഞ മാര്‍ച്ച് 30-ന് രൂപയുടെ മൂല്യം ചരിത്രത്തിലാദ്യമായി 95 കടന്ന് താഴേക്ക് പോയിരുന്നു. ക്രൂഡ് ഓയില്‍ വില വര്‍ധനയും വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പണം പിന്‍വലിക്കുന്നതും കഴിഞ്ഞ സാമ്പത്തിക വര്‍ഷം രൂപയ്ക്ക് വലിയ തിരിച്ചടിയായിരുന്നു.
ആശങ്കയായി യുദ്ധവും എണ്ണവിലയും
രൂപ വിപണിയില്‍ നില മെച്ചപ്പെടുത്തുമ്പോഴും ആഗോള തലത്തില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് വെല്ലുവിളിയാകുന്നുണ്ട്. ഇറാന്‍ യുദ്ധം കടുപ്പിക്കുമെന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയെത്തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡ് വില ബാരലിന് 106 ഡോളറായി ഉയര്‍ന്നു. ഇറാനുമായുള്ള യുദ്ധം രണ്ടാം മാസത്തിലേക്ക് കടക്കുമ്പോള്‍, അമേരിക്കന്‍ ലക്ഷ്യങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും ആവശ്യമെങ്കില്‍ ഇറാന്റെ എണ്ണ പശ്ചാത്തല സൗകര്യങ്ങള്‍ ആക്രമിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. 'അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ഇറാന് കനത്ത പ്രഹരം നല്‍കും, അവരെ ശിലായുഗത്തിലേക്ക് മടക്കി അയക്കും' എന്ന ട്രംപിന്റെ വിവാദ പരാമര്‍ശം എണ്ണ വിപണിയില്‍ വന്‍ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. എണ്ണവിലയിലെ ഈ വര്‍ധന രൂപയുടെ തുടര്‍ന്നുള്ള മുന്നേറ്റത്തിന് തടസമാകുമോ എന്ന ആശങ്ക വിപണിയിലുണ്ട്.


