നിലവില്‍ മൂന്ന് വലിയ ഫാക്ടറികള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് സ്ട്രാറ്റജി ആന്‍ഡ് ഇനിഷ്യേറ്റീവ്സ് വിഭാഗം തലവന്‍ പര്‍ത്ഥ എസ് മൈത്ര പറഞ്ഞു

മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഈ വര്‍ഷം സൗരോര്‍ജ്ജ പാനല്‍ നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കും. പുതിയ ഊര്‍ജ്ജ ആവശ്യകതകള്‍ നിറവേറ്റുന്നതിനായി നിലവില്‍ മൂന്ന് വലിയ ഫാക്ടറികള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് സ്ട്രാറ്റജി ആന്‍ഡ് ഇനിഷ്യേറ്റീവ്സ് വിഭാഗം തലവന്‍ പര്‍ത്ഥ എസ് മൈത്ര പറഞ്ഞു.

റിലയന്‍സിന്‍റെ ലക്ഷ്യം

പ്രതിവര്‍ഷം 20 ജിഗാവാട്ട് സൗരോര്‍ജ്ജ പാനല്‍ ഉല്‍പ്പാദന ശേഷിയിലേക്ക് എത്താനാണ് റിലയന്‍സ് ലക്ഷ്യമിടുന്നതെന്ന് മൈത്ര അറിയിച്ചു. കമ്പനിയുടെ ബാറ്ററി, മൈക്രോ-പവര്‍ ഇലക്ട്രോണിക്സ് ഫാക്ടറികള്‍ അടുത്ത വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് യാഥാര്‍ത്ഥ്യമായാല്‍, ലോകത്തിലെ രണ്ടാമത്തെ വലിയ സോളാര്‍ പാനല്‍ നിര്‍മ്മാതാക്കളായി റിലയന്‍സ് മാറും. ചൈനയ്ക്ക് പുറത്തുള്ള മൊത്തം സോളാര്‍ മൊഡ്യൂളുകളുടെ ഏകദേശം റിലയന്‍സായിരിക്കും ഉല്‍പാദിപ്പിക്കുക.

2022-ല്‍ നിശ്ചയിച്ച ശുദ്ധ ഊര്‍ജ്ജ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ ഇന്ത്യ പിന്നോട്ട് പോയിരുന്നു. അതിനുശേഷം രാജ്യം ഈ മേഖലയില്‍ നിക്ഷേപം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അതേ സമയം 2030-ഓടെ 500 ജിഗാട്ട്സ് ഫോസില്‍ ഇന്ധനേതര വൈദ്യുതി ഉല്‍പ്പാദന ശേഷി എന്ന ലക്ഷ്യം കൈവരിക്കാന്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഉല്‍പ്പാദന ശേഷി ഇരട്ടിയാക്കേണ്ടതുണ്ടെന്ന് ഗ്ലോബല്‍ എനര്‍ജി മോണിറ്റര്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.


ചൈനീസ് ആധിപത്യം കുറയും

നിലവില്‍ സൗരോര്‍ജ്ജ ഉപകരണങ്ങളുടെ ഇറക്കുമതിക്കായി ഇന്ത്യ ചൈനയെ വളരെയധികം ആശ്രയിക്കുന്നുണ്ട്. ഇത് രാജ്യത്തിന്‍റെ ഊര്‍ജ്ജ സുരക്ഷയ്ക്ക് തന്നെ അപകടമാണ് . മൊഡ്യൂളുകളും, ബാറ്ററിയും ഇന്ത്യയില്‍ ആഭ്യന്തരമായി ഉല്‍പാദിപ്പിക്കുന്നുണ്ടെങ്കിലും വേഫറുകളുടെയും ഇന്‍ഗോട്ടുകളുടെയും നിര്‍മ്മാണം ഇപ്പോഴും വെറും 2 ജിഗാവാട്ട് ശേഷിയില്‍ തന്നെയാണ്. 

സര്‍ക്കാര്‍ രാജ്യത്ത് സൗരോര്‍ജ്ജ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി പദ്ധതികളാണ് നടപ്പിലാക്കുന്നത് . ഇതിന്‍റെ ഭാഗമായി ബജറ്റില്‍ പിഎം സൂര്യ ഘര്‍ പദ്ധതി പ്രഖ്യാപിച്ചിരുന്നു. . 2 കിലോവാട്ട് ശേഷി വരെയുള്ള സിസ്റ്റങ്ങള്‍ക്ക് സോളാര്‍ യൂണിറ്റ് ചെലവിന്‍റെ 60 ശതമാനവും 2 മുതല്‍ 3 കിലോവാട്ട് ശേഷിയുള്ള സിസ്റ്റങ്ങള്‍ക്ക് അധിക സിസ്റ്റം ചെലവിന്‍റെ 40 ശതമാനവും സബ്സിഡിയായി പദ്ധതിയിലൂടെ ലഭിക്കും.