Asianet News MalayalamAsianet News Malayalam

ഫ്ലാറ്റുകളും അപ്പാര്‍ട്ട്മെന്‍റുകളുമൊക്കെ വാങ്ങും മുമ്പ് ശ്രദ്ധിക്കുക; ഇപ്പോള്‍ 'റെറ' രജിസ്ട്രേഷന്‍ നിര്‍ബന്ധം

ജനുവരി ഒന്നുമുതല്‍ റെറയില്‍ രജിസ്‌ട്രേഷന്‍ ഇല്ലാത്ത അപ്പാര്‍ട്ടുമെന്റോ വില്ലകളോ ഹൗസിംഗ് പ്ലോട്ടുകളോ വില്‍ക്കാനോ കൈമാറ്റം ചെയ്യാനോ പാടില്ല. ഇതുവരെ ഒക്യുപെന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാത്ത എല്ലാ പ്രോജക്ടുകളും മാര്‍ച്ച് 31 നു മുമ്പു റെറയില്‍ രജിസ്റ്റര്‍ ചെയ്ണം

rera registration compulsory for sale flats and apartments
Author
Kochi, First Published Jan 25, 2020, 4:43 PM IST

കൊച്ചി: അപ്പാര്‍ട്ടുമെന്റുകളോ ഫ്ലാറ്റുകളോ വാങ്ങും മുമ്പ് ഏജന്റുമാരും റിയല്‍ എസ്റ്റേറ്റ് പദ്ധതികളും റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അഥോറിറ്റി (റെറ) യില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഉപഭോക്താക്കള്‍ ഉറപ്പുവരുത്തണമെന്നു റെറ ചെയര്‍മാന്‍ പി എച്ച് കുര്യന്‍. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ എറണാകുളം ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ റിയല്‍ എസ്‌റ്റേറ്റ് റെഗുലേറ്ററി അഥോറിറ്റി (റെറ) ആന്‍ഡ് ജിഎസ്ടി എന്ന വിഷയത്തില്‍ കൊച്ചിയില്‍ നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കെട്ടിടനിര്‍മാണത്തിനുള്ള എല്ലാ രേഖകളും ഉണ്ടെങ്കിലേ റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അഥോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യാനാകൂ. ഇതിലെ രജിസ്‌ട്രേഷന്‍ ഉറപ്പുവരുത്തുന്നതിലൂടെ ഈ മേഖലയിലെ കബളിപ്പിക്കലുകള്‍ ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു. ജനുവരി ഒന്നുമുതല്‍ റെറയില്‍ രജിസ്‌ട്രേഷന്‍ ഇല്ലാത്ത അപ്പാര്‍ട്ടുമെന്റോ വില്ലകളോ ഹൗസിംഗ് പ്ലോട്ടുകളോ വില്‍ക്കാനോ കൈമാറ്റം ചെയ്യാനോ പാടില്ല.

ഇതുവരെ ഒക്യുപെന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാത്ത എല്ലാ പ്രോജക്ടുകളും മാര്‍ച്ച് 31 നു മുമ്പു റെറയില്‍ രജിസ്റ്റര്‍ ചെയ്ണം. ജനുവരി ഒന്നു മുതല്‍ നിയമം കര്‍ശനമാക്കിയെങ്കിലും രജിസ്‌ട്രേഷന്‍ ചെയ്യുന്നവരുടെ എണ്ണം കുറവാണ്. നിയമപ്രകാരം റെറയില്‍ രജിസ്റ്റര്‍ ചെയ്യാത്തതു പദ്ധതി തുകയുടെ 10 ശതമാനം പിഴയും തടവും ലഭിക്കാവുന്ന കുറ്റമാണെന്നും അദ്ദേഹം പറഞ്ഞു.

റിയല്‍ എസ്‌റ്റേറ്റ് റെഗുലേറ്ററി അഥോറിറ്റി അംഗം അഡ്വ.പ്രീത മേനോന്‍, ടെക്‌നിക്കല്‍ സെക്രട്ടറി എച്ച്. പ്രശാന്ത്, അഡ്വ.കെ.വൈത്തീശ്വരന്‍, മോഹന്‍ ആര്‍. ലാവി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിച്ചു. ബ്രാഞ്ച് ചെയര്‍മാന്‍ പി.ആര്‍.ശ്രീനിവാസന്‍, വൈസ് ചെയര്‍മാന്‍ റോയി വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. 

Follow Us:
Download App:
  • android
  • ios