പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിനും ഫാസ്റ്റാഗ് ഉള്‍പ്പെടെയുള്ള പ്രീപെയ്ഡ് സംവിധാനങ്ങളിലും വാലറ്റുകളിലും പണം സ്വീകരിക്കുന്നതിനും വിലക്കുണ്ട്. എന്നാൽ ഉപഭോക്താക്കൾക്ക് അക്കൗണ്ടുകളിലുള്ള പണം പിൻവലിക്കാം.

ന്യൂഡൽഹി: പേടിഎം പേയ്മെന്റ്സ് ബാങ്കിന് പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കാൻ വിലക്ക്. ബുധനാഴ്ചയാണ് റിസര്‍വ് ബാങ്ക് ഇത് സംബന്ധിച്ച അറിയിപ്പ് വാര്‍ത്താക്കുറിപ്പിലൂടെ പുറത്തുവിട്ടത്. ഫെബ്രുവരി 29ന് ശേഷം അക്കൗണ്ടുകളിലും വാലറ്റുകള്‍, ഫാസ്റ്റാഗുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള മറ്റ് രീതികളിലും നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത് പൂര്‍ണമായി റിസര്‍വ് ബാങ്ക് തടഞ്ഞിട്ടുണ്ട്.

രാജ്യത്തെ ഏറ്റവും വലിയ പേയ്മെന്റ് സ്ഥാപനങ്ങളിലൊന്നായ പേടിഎം പേയ്മെന്റ്സ് ബാങ്കിന് ഇതോടെ പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കാനോ, ക്രെഡിറ്റ് ഇടപാടുകള്‍ അനുവദിക്കാനോ, യുപിഐ ഉള്‍പ്പെടെയുള്ള പണമിടപാടുകള്‍ നടത്താനോ സാധിക്കില്ല. ഫെബ്രുവരി 29 മുതലാണ് റിസര്‍വ് ബാങ്കിന്റെ ഈ നിയന്ത്രണങ്ങള്‍ പ്രാബല്യത്തിൽ വരുന്നത്. ഉപഭോക്താക്കളുടെ എല്ലാ തരത്തിലുമുള്ള അക്കൗണ്ടുകള്‍, പ്രീപെയ്ഡ് സംവിധാനങ്ങള്‍, വാലറ്റുകള്‍, ഫാസ്റ്റാഗുകള്‍, നാഷണൽ കോമൺ മൊബിലിറ്റി കാര്‍ഡുകള്‍ തുടങ്ങിയവയിലൊന്നും നിക്ഷേപങ്ങള്‍ നടത്താനോ ക്രെഡിറ്റ് ഇടപാടുകള്‍ നടത്താനോ അനുവദിക്കില്ലെന്ന് റിസര്‍വ് ബാങ്ക് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിൽ പറയുന്നു. അതേസമയം പലിശ തുക, ക്യാഷ് ബാക്ക് തുകകള്‍, റീഫണ്ടുകള്‍ എന്നിവ ഏത് സമയം വേണമെങ്കിലും ഉപഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് ലഭ്യമാക്കുന്നതിന് തടസമില്ലെന്നും ആര്‍ബിഐ ചീഫ് ജനറൽ മാനേജ‍ർ യോഗേഷ് ദയാൽ പുറത്തിറക്കിയ അറിയിപ്പിലുണ്ട്.

ഉപഭോക്താക്കള്‍ക്ക് അവരുടെ അക്കൗണ്ടുകളിലുള്ള പണം ചെലവഴിക്കുന്നതിനോ പിന്‍വലിക്കുന്നതിനോ ഒരു തരത്തിലുമുള്ള നിയന്ത്രണവും ഉണ്ടാവില്ല. സേവിങ്സ് ബാങ്ക് അക്കൗണ്ടുകള്‍, കറണ്ട് അക്കൗണ്ടുകൾ, പ്രീപെയ്ഡ് സംവിധാനങ്ങള്‍, ഫാസ്റ്റാഗുകള്‍, നാഷണൽ കോമൺ മൊബിലിറ്റി കാർഡുകള്‍ എന്നിവയിലൊക്കെ ഉള്ള പണം തീരുന്നത് വരെ യാതൊരു നിയന്ത്രണവുമില്ലാതെ ഉപയോഗിക്കാനാവും.

പുതിയ ഉപഭോക്താക്കളെ സ്വീകരിക്കുന്നത് അവസാനിപ്പിക്കണമെന്ന് 2022 മാര്‍ച്ച് മാസത്തിൽ റിസര്‍വ് ബാങ്ക് പേടിഎമ്മിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ റിസര്‍വ് ബാങ്കിന്റെ പല നിര്‍ദേശങ്ങളും പാലിക്കുന്നതിൽ വീഴ്ച വരുത്തിയതാണ് ഇപ്പോഴത്തെ നിയന്ത്രണങ്ങളിലേക്ക് നയിച്ചതെന്നാണ് സൂചന. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ വിശദാംശങ്ങളൊന്നും ലഭ്യമായിട്ടില്ല. എന്നാൽ ആർബിഐ നിര്‍ദേശങ്ങളെല്ലാം പാലിക്കാനുള്ള അടിയന്തിര നടപടി തുടങ്ങിയെന്ന് പേടിഎം അറിയിച്ചിട്ടുണ്ട്. മറ്റ് കമ്പനികളുമായി സഹകരിച്ച് പ്രതിസന്ധി പരിഹരിക്കുമെന്നും പേടിഎം അറിയിച്ചിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...