LIC : സ്വകാര്യ ബാങ്കിൽ കൂടുതൽ ഓഹരി വാങ്ങാൻ എൽഐസിക്ക് റിസർവ് ബാങ്കിന്റെ അനുമതി
രാജ്യത്തെ പ്രധാന സ്വകാര്യ മേഖലാ ബാങ്കായ കൊടാക് മഹീന്ദ്ര ബാങ്കിൽ കൂടുതൽ ഓഹരി വാങ്ങാൻ എൽഐഎസിക്ക് അനുമതി. റിസർവ് ബാങ്കിന്റെ അനുമതി ലഭിച്ചതോടെ കൊടാക് മഹീന്ദ്ര ബാങ്കിലെ ലൈഫ് ഇൻഷുറൻസ് കോർപറേഷന്റെ ഓഹരി വിഹിതം ഇനി 9.99 ശതമാനമായി ഉയരും.

ദില്ലി: രാജ്യത്തെ പ്രധാന സ്വകാര്യ മേഖലാ ബാങ്കായ കൊടാക് മഹീന്ദ്ര ബാങ്കിൽ കൂടുതൽ ഓഹരി വാങ്ങാൻ എൽഐസിക്ക് അനുമതി. റിസർവ് ബാങ്കിന്റെ അനുമതി ലഭിച്ചതോടെ കൊടാക് മഹീന്ദ്ര ബാങ്കിലെ ലൈഫ് ഇൻഷുറൻസ് കോർപറേഷന്റെ ഓഹരി വിഹിതം ഇനി 9.99 ശതമാനമായി ഉയരും.
ഒരു വർഷത്തിനുള്ളിൽ എൽഐസി നിക്ഷേപം വർധിപ്പിക്കണമെന്നാണ് അനുമതിയിൽ കേന്ദ്ര ബാങ്ക് വ്യക്തമാക്കിയിരിക്കുന്നത്. സെബിയുടെ മാനദണ്ഡങ്ങൾക്ക് വിധേയമായി, ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് നിയമം 1999 ലെ നിയമങ്ങളുടെ അടിസ്ഥാനത്തിലുമാണ് അനുമതി നൽകിയിരിക്കുന്നത്.
സെപ്തംബർ 30 ലെ കണക്കനുസരിച്ച് കൊടാക് മഹീന്ദ്ര ബാങ്കിൽ എൽഐസിക്ക് 4.96 ശതമാനമാണ്. ഉദയ് കൊടാകിനും കുടുംബത്തിനുമായി 26 ശതമാനം ഓഹരിയുണ്ട്. കാനഡ പെൻഷൻ പ്ലാൻ ഇൻവെസ്റ്റ്മെന്റ് ബോർഡിന് 6.37 ശതമാനം ഓഹരിയുണ്ട്. പ്രമോട്ടർമാരുടെ ഓഹരി വിഹിതം 15 ശതമാനമാക്കണമെന്ന റിസർവ് ബാങ്ക് നിർദ്ദേശത്തിനെതിരെ ഉദയ് കൊടാക് കോടതിയെ സമീപിച്ചിരുന്നു. തുടർന്നാണ് റിസർവ് ബാങ്ക് പ്രമോട്ടർ വിഹിതം 26 ശതമാനമായി നിജപ്പെടുത്തിയത്.
നിലവിൽ രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയാണ് എൽഐസി. രാജ്യത്തെ പൊതുമേഖലാ സ്ഥാപനം എന്ന നിലയിൽ, കോർപ്പറേഷൻ സ്വകാര്യവൽക്കരണത്തിന് നീങ്ങുമ്പോൾ എതിർപ്പുകളും ശക്തമാണ്. അതേസമയം കേന്ദ്ര സർക്കാർ തീരുമാനത്തിൽ ഉറച്ചു തന്നെ മുന്നോട്ടു പോവുകയാണ്. ഐപിഒയിൽ പരമാവധി നേട്ടമുണ്ടാക്കുകയെന്ന ലക്ഷ്യവുമായാണ് എൽഐസിയുടെ കൊടാക് മഹീന്ദ്ര ബാങ്കിലെ നിക്ഷേപം വർധിപ്പിക്കുന്നതും.
എൽഐസിയുടെ അഞ്ച് മുതൽ 10 ശതമാനം വരെ ഓഹരികൾ വിറ്റഴിച്ച് 900 ബില്യൺ രൂപ സമാഹരിക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട മൂല്യനിർണയ നടപടികളാണ് ഇപ്പോൾ എൽഐസിയിൽ പുരോഗമിക്കുന്നത്. ഇന്ത്യൻ സാമ്പത്തിക രംഗത്ത് ഏറ്റവും വലിയ ഐപിഒ ആയിരിക്കും എൽഐസിയുടേതെന്നാണ് കരുതപ്പെടുന്നത്. എസ്ബിഐ ക്യാപിറ്റൽ മാർക്കറ്റ്, ഗോൾഡ്മാൻ സാക്സ്, സിറ്റി ഗ്രൂപ്പ് എന്നിവയടക്കം പത്ത് ബാങ്കുകളെ ഇതുമായി ബന്ധപ്പെട്ട നടപടികൾ കേന്ദ്രസർക്കാർ ചുമതലപ്പെടുത്തിയിരുന്നു.