ദില്ലി: ഇന്ത്യയുടെ റീട്ടെയിൽ പണപ്പെരുപ്പം (ചില്ലറ വിലയെ അടിസ്ഥാനമാക്കിയുളള പണപ്പെരുപ്പം) ജൂലൈയിൽ 6.93 ശതമാനമായി ഉയർന്നു. ജൂൺ മാസം ഇത് 6.23 ശതമാനമായിരുന്നു. ഭക്ഷ്യവിലക്കയറ്റം ജൂണിലെ 8.72 ശതമാനത്തിൽ നിന്ന് ജൂലൈയിൽ 9.62 ശതമാനമായി ഉയർന്നു. 

പ്രത്യേകിച്ചും ഉയർന്ന സംഭരണത്തിന്റെ പശ്ചാത്തലത്തിൽ ഓപ്പൺ മാർക്കറ്റ് വിൽപ്പനയും പൊതുവിതരണവും വിപുലീകരിക്കുകയാണെങ്കിൽ, മികച്ച വിളവെടുപ്പിനെ തുടർന്ന് ധാന്യങ്ങളുടെ വില കുറയുകയാണെങ്കിലും കൂടുതൽ അനുകൂലമായ ഒരു ഭക്ഷ്യ പണപ്പെരുപ്പ കാഴ്ചപ്പാട് ഉയർന്നുവരാം, ഓഗസ്റ്റ് 6 ന് നടന്ന എം പി സി (പണനയ അവലോകന സമിതി) യോഗത്തിന് ശേഷം ആർ ബി ഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. പണനയ അവലോകന യോ​​ഗത്തിൽ റിസർവ് ബാങ്ക് പ്രധാന പലിശ നിരക്കുകളിൽ മാറ്റം വരുത്തിയിരുന്നില്ല.   

ഈ പ്രതിസന്ധി കാലത്ത് പ്രോട്ടീൻ അടിസ്ഥാനമാക്കിയുള്ള ഭക്ഷ്യവസ്തുക്കൾ ഒരു സമ്മർദ്ദ കേന്ദ്രമായി ഉയർന്നുവരാം. പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഉയർന്ന ആഭ്യന്തര നികുതി രാജ്യത്തെ റീട്ടെയിൽ ഇന്ധന നിരക്ക് ഉയരാൻ കാരണമാവുകയും, വിലയെ അടിസ്ഥാനമാക്കിയുളള സമ്മർദ്ദങ്ങൾ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യും. ഈ ഘടകങ്ങളെല്ലാം കണക്കിലെടുക്കുമ്പോൾ, പണപ്പെരുപ്പം Q2: 2020-21 (രണ്ടാം പാദം) ഉയർന്ന തോതിൽ തുടരുമെന്ന് എം പി സി പ്രതീക്ഷിക്കുന്നു.