കോട്ടയം: ആഭ്യന്തര മാർക്കറ്റിലെ റബർ വിലയിൽ വൻ വർധന. റബർ നിരക്ക് കഴിഞ്ഞ ഒരാഴ്ചയായി 160 രൂപയ്ക്ക് മുകളിൽ തുടരുകയാണ്. അന്താരാഷ്ട്ര വിപണിയിലും നിരക്ക് ഉയരുകയാണ്. അന്താരാഷ്ട്ര വിപണിയിൽ കഴിഞ്ഞ ഒരാഴചയ്ക്കിടെ റബർ നിരക്ക് 10 രൂപയോളമാണ് കൂടിയത്. കോട്ടയം വിപണിയിലെ ആർഎസ്എസ് നാല് ​ഗ്രേഡിന് ഇന്നത്തെ നിരക്ക് കിലോയ്ക്ക് 161 രൂപയാണ്.

കഴിഞ്ഞ ആഴ്ച ആഭ്യന്തര വിപണിയിലെ നിരക്ക് കിലോ​ഗ്രാമിന് 164 രൂപയിലേക്ക് വരെ ഉയർന്നിരുന്നു. തുടർന്നും വില ഉയർന്ന നിലവാരത്തിൽ തുടരുമെന്നാണ് റിപ്പോർട്ടുകൾ. മഴ മൂലം ഉൽപ്പാദനം കുറഞ്ഞതോടെ വിപണിയിൽ റബർ ലഭ്യത കുറഞ്ഞതാണ് നിരക്ക് ഉയരാൻ കാരണം. 

വിപണിയിൽ വിലക്കയറ്റം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഉൽപ്പാദകർ വിൽപ്പന കുറച്ചതും നിരക്ക് ഉയർന്ന നിലയിൽ തുടരാൻ ഇടയാക്കിയിട്ടുണ്ട്. ഒരാഴ്ചയിൽ കൂടുതൽ ഉയർന്ന വില നിലവാരം വിപണിയിൽ തുടരുന്നത് അപൂർവമാണെന്നും ഈ രം​ഗത്തെ വിദ​ഗ്ധർ പറയുന്നു. ആർഎസ്എസ് അഞ്ച് ​ഗ്രേഡ് റബറിന് കിലോയ്ക്ക് 152 രൂപയാണ് കോട്ടയത്തെ റബർ ബോർഡ് നിരക്ക്.