Asianet News MalayalamAsianet News Malayalam

നിലയില്ലാക്കയത്തിലേക്ക് രൂപ; ഡോളർ ഇടിഞ്ഞിട്ടും രൂപയ്ക്ക് പിടിച്ചുനിൽക്കാനായില്ല, റെക്കോർഡ് തകർച്ച

ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് രൂപയുടെ മൂല്യം കൂപ്പുകുത്തി.

Rupee drops to lifetime low of 83.7525 vs dollar on outflow worries
Author
First Published Aug 5, 2024, 12:21 PM IST | Last Updated Aug 5, 2024, 12:21 PM IST

ഗോള രാഷ്ട്രീയ സാഹചര്യം, ഓഹരി വിപണികളിലെ തകര്‍ച്ച, വിദേശ നിക്ഷേപകരുടെ പുറത്തേക്കുള്ള ഒഴുക്ക്.., എല്ലാം കൂടി ഒരുമിച്ച് വന്നപ്പോള്‍ തകര്‍ന്നടിഞ്ഞ് രൂപ. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് രൂപയുടെ മൂല്യം കൂപ്പുകുത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം 83 രൂപ 80 പൈസയിലേക്ക് ഇടിഞ്ഞു. ഇന്റർബാങ്ക് ഫോറിൻ എക്‌സ്‌ചേഞ്ച് വിപണിയിൽ ഡോളറിന് 83.78 എന്ന നിരക്കിലാണ് രൂപയുടെ വ്യാപാരം ഇന്ന് ആരംഭിച്ചത്.  യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം വെള്ളിയാഴ്ച 83.72 എന്ന നിലയിലായിരുന്നു. ഓഹരി വിപണിയിലെ കനത്ത തകര്‍ച്ചയാണ് രൂപയുടെ വീഴ്ച്ചയ്ക്ക് ആക്കംകൂട്ടിയത്. സെന്‍സെക്സ് ഇന്ന് ആയിരത്തിലേറെ പോയിന്‍റാണ് തകര്‍ന്നത്. അമേരിക്കയിലെ സാമ്പത്തിക സാഹചര്യം അനുകൂലമല്ലാത്തതിനാല്‍ സുരക്ഷിത നിക്ഷേപങ്ങളിലേക്ക് ആളുകള്‍ നിക്ഷേപം മാറ്റുന്നുണ്ട്. ഇതോടെ വിദേശ നിക്ഷേപകർ ഇന്ത്യയില്‍ നിന്നുള്ള നിക്ഷേപവും വിറ്റഴിക്കാൻ തുടങ്ങി. വെള്ളിയാഴ്ച മാത്രം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ പിൻവലിച്ചത് 3310 കോടി രൂപയുടെ നിക്ഷേപമാണ്.

അമേരിക്കയിലെ തൊഴിലില്ലായ്മ നിരക്ക് വര്‍ധിച്ചതായുള്ള കണക്കുകളാണ് ആശങ്ക സൃഷ്ടിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് തൊഴിലില്ലായ്മ.  ഇതിന് പുറമേ ഉല്‍പാദന വളര്‍ച്ച കുറഞ്ഞതും രാജ്യം മാന്ദ്യത്തിലേക്ക് നീങ്ങുകയാണോ എന്ന സംശയം ഉയര്‍ത്താന്‍ കാരണമായി. ഇതോടെ ഡോളര്‍ സൂചിക താഴ്ന്നു. എന്നിട്ടുപോലും രൂപയ്ക്ക് പിടിച്ചുനില്‍ക്കാനായില്ല. ആറ് പ്രധാന കറന്‍സികളുമായി മൂല്യം അളക്കുന്ന ഡോളര്‍ സൂചിക 0.24 ശതമാനം ഇടിഞ്ഞ് 102.95ല്‍ എത്തി.ഇതിനെല്ലാം പുറമേ ഇസ്രയേല്‍ - ഇറാന്‍ സംഘർഷം മൂർച്ചിക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ഇതും ഓഹരിവിപണികള്‍ക്കും രൂപയ്ക്കും തിരിച്ചടിയായി.

Latest Videos
Follow Us:
Download App:
  • android
  • ios