Asianet News MalayalamAsianet News Malayalam

ശമ്പളം പിടിക്കാൻ ഓ‌ർഡിനൻസ്; ഗവർണ്ണറുടെ അംഗീകാരം കടമ്പ, നിയമ പോരാട്ടത്തിന് സാധ്യത

ഹൈക്കോടതി സ്റ്റേ മറികടക്കാനുള്ള ഓ‌ർഡിനൻസ് വഴി ശമ്പളത്തിന്‍റെ 25 ശതമാനം വരെ ദുരന്തം മുൻനിർത്തി സർക്കാറിന് മാറ്റിവെക്കാം. 

salary cut Ordinance may  Possibility for legal conflict
Author
Kochi, First Published Apr 29, 2020, 1:42 PM IST

കൊച്ചി: സർക്കാർ ജീവനക്കാരുടെ ആറു ദിവസത്തെ ശമ്പളം പിടിക്കാനായി ഓർ‍ഡിനൻസ് ഇറക്കാൻ മന്ത്രിസഭാ യോഗ തീരുമാനം വീണ്ടും നിയക്കുരുക്കിലേക്ക് നീങ്ങാനുള്ള സാധ്യത തള്ളിക്കളയാതെ വിദഗ്ധര്‍. ആറു ദിവസ ശമ്പളം പിടിക്കാനുള്ള ഹൈക്കോടതി സ്റ്റേക്കെതിരെ അപ്പീൽ പോയാൽ നടപടി വൈകും എന്നുള്ളത് കൊണ്ടാണ് തിരക്കിട്ടുള്ള ഓ‌ർഡിനൻസിന് സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഡിസാസ്റ്റർ ആൻറ് പബ്ലിക് ഹെൽത്ത് എമ്ർജൻസീസ് സ്പെഷ്യൽ പ്രൊവിഷൻ എന്ന പേരിലാണ് ഓർഡിനൻസ് ഇറങ്ങുന്നത്.    ഹൈക്കോടതി സ്റ്റേ മറികടക്കാനുള്ള ഓ‌ർഡിനൻസ് അനുസരിച്ച് ശമ്പളത്തിൻറെ 25 ശതമാനം വരെ ദുരന്തം മുൻനിർത്തി സർക്കാറിന് മാറ്റിവെക്കാം. 

25 ശതമാനം വരെ ശമ്പളം പിടിക്കാൻ വ്യവസ്ഥയുണ്ടെങ്കിലും നിലവിൽ മുൻ നിശ്ചയിച്ച പ്രകാരം ആറു ദിവസത്തെ ശമ്പളമാണ് മാറ്റിവെക്കുന്നത്. ഇത് എന്ന് കൊടുക്കുമെന്നത് ആറു മാസം കഴിഞ്ഞ് അറിയിച്ചാൽ മതിയെന്ന വ്യവസ്ഥയും ഓർഡിനൻസിൽ ഉണ്ട്. ഓർഡിനൻസ് ഇറക്കുമ്പോഴും കടമ്പകൾ ഇനിയും സർക്കാറിന് മുന്നിൽ ബാക്കിയുണ്ട്. ഗവർണ്ണറുടെ അനുമതി തേടലാണ് പ്രധാനം. ഓ‌ർഡിനൻസിൽ ഗവർണ്ണറുടെ അംഗീകാരം കിട്ടാനുള്ള കാലതാമസം കാരണം ഏപ്രിലിലെ ശമ്പളം വൈകാനിടയുണ്ട്.

അതേസമയം ഹൈക്കോടതി വിധിയെ മറികടക്കാനാണ് ഓ‌ർഡിനൻസ് എന്നുള്ളത് കൊണ്ട് രാജ്ഭവൻ കൂടുതൽ പരിശോധനയും നിയമവിദഗ്ധരുടെ ഉപദേശവും ഇക്കാര്യത്തിൽ തേടാനും ഇടയുണ്ട്. ശമ്പളം അവകാശമാണെന്ന ഭരണഘടനാ വ്യവസ്ഥ ചൂണ്ടിക്കാട്ടി പ്രതിപക്ഷ സർവ്വീസ് സംഘടനകൾ വീണ്ടും കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്. ഇത് വഴി നിയമ പോരാട്ടത്തിനുള്ള വഴിയും തുറന്ന് കിടക്കുകയാണെന്നാണ് വിദഗ്ധര് പറയുന്നത്. 

Follow Us:
Download App:
  • android
  • ios