2018 ജനുവരിയിലാണ് സലിൽ പരേഖ് ഇൻഫോസിസിന്റെ മാനേജിങ് ഡയറക്ടറും സിഇഒയുമായി ചുമതലയേറ്റെടുത്തത്

ബെംഗളൂരു: ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐ ടി സർവീസ് കമ്പനിയായ ഇൻഫോസിസിന്റെ തലപ്പത്ത് സലിൽ പരേഖിന് തുടർ നിയമനം. മാനേജിങ് ഡയറക്ടറും സി ഇ ഒയുമായി അടുത്ത അഞ്ച് വർഷം കൂടെ സലിൽ പരേഖ് തുടരും. ഇന്നലെ ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിലാണ് തീരുമാനം.

നോമിനേഷൻ ആന്റ് റെമ്യൂണറേഷൻ കമ്മിറ്റി ശുപാർശ പ്രകാരമാണ് നടപടി. ഇത് സംബന്ധിച്ച് സ്റ്റോക് എക്സ്ചേഞ്ചിൽ സമർപ്പിച്ച റെഗുലേറ്ററി ഫയലിങിൽ കമ്പനി വ്യക്തത വരുത്തിടിയിട്ടുണ്ട്. മുൻപ് 2018 ജനുവരിയിലാണ് സലിൽ പരേഖ് ഇൻഫോസിസിന്റെ മാനേജിങ് ഡയറക്ടറും സിഇഒയുമായി ചുമതലയേറ്റെടുത്തത്. ഓഹരിയുടമകളുടെ കൂടെ അനുമതി ഇക്കാര്യത്തിൽ ആവശ്യമാണ്.

ആഗോള ഐ ടി സേവന രംഗത്ത് 30 വർഷത്തിലേറെ കാലത്തെ പ്രവർത്തന പരിചയമാണ് സലിൽ പരേഖിനുള്ളത്. ഇൻഫോസിസിൽ എത്തുന്നതിന് മുൻപ് കാപ്ഗെമിനി കമ്പനിയുടെ ഗ്രൂപ് എക്സിക്യുട്ടീവ് ബോർഡ് അംഗമായിരുന്നു ഇദ്ദേഹം. 25 വർഷത്തോളം ഇവിടെ ഇദ്ദേഹം പല തലത്തിൽ നേതൃചുമതലകൾ വഹിച്ചിരുന്നു. ഏർണസ്റ്റ് ആന്റ് യങ് കമ്പനിയുടെ പാർട്ണറുമായിരുന്നു അദ്ദേഹം.