മുംബൈ: ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദിയുടെ അരാംകോ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ ഓഹരി വാങ്ങിയേക്കും. റിലയന്‍സിന്‍റെ റിഫൈനിംഗ്, പെട്രോകെമിക്കല്‍സ് വിഭാഗങ്ങളിലെ 25 ശതമാനം ഓഹരിയാകും അരാംകോ വാങ്ങുക. ഇതോടൊപ്പം ഇരു കമ്പനികള്‍ക്കുമിടയില്‍ തന്ത്രപരമായ സഹകരണത്തിനും ധാരണയായേക്കും. 

ഇതുമായി ബന്ധപ്പെട്ട് ഇരു കമ്പനികളും തമ്മില്‍ നടത്തിവരുന്ന ചര്‍ച്ചകള്‍ മികച്ച രീതിയില്‍ പുരോഗമിക്കുന്നതായാണ് വിവരം. ഏകദേശം ആയിരം കോടി ഡോളര്‍ മുതല്‍ 1,500 കോടി ഡോളര്‍ വരെ ഓഹരി മൂല്യം സൗദി എണ്ണ ഭീമന്‍ വാങ്ങിയേക്കുമെന്നാണ് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍. റിലയന്‍സിന്‍റെ റിഫൈനിംഗ് പെട്രോകെമിക്കല്‍സ് വ്യവസായത്തിന്‍റെ ആകെ മൂല്യം ഏകദേശം 5,500 -6,000 കോടി ഡോളറാണ്. 

ഈ വര്‍ഷം ജൂണോടെ ഇരു കമ്പനികളും ഓഹരി വില്‍പ്പന സംബന്ധിച്ച് ധാരണയിലെത്തിയേക്കുമെന്നാണ് റിലയന്‍സിനോട് അടുത്ത വൃത്തങ്ങള്‍ പ്രതികരിക്കുന്നത്. ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ കമ്പനിയാണ് റിലയന്‍സ്. ലോകത്തെ ഏറ്റവും കൂടുതല്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് സൗദി അരാംകോ. ഇന്ത്യയിലെ ഏറ്റവും ലാഭത്തിലുളള കമ്പനിയാണ് റിലയന്‍സ് ഗ്രൂപ്പ്. സൗദി അരാംകോയുടെ ഇന്ത്യന്‍ വിപണിയിലേക്കുളള ചുവടുവെയ്പ്പ് വ്യവസായത്തില്‍ വന്‍ മാറ്റങ്ങള്‍ക്കിടയാക്കിയേക്കും.