ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർ ഇന്ന് വളരെ ചുരുക്കമാണ്. എന്നാൽ ഇതിൽ തന്നെ ബഹുഭൂരിപക്ഷം പേർക്കും ആ ബാങ്ക് അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെട്ട ബാങ്ക് ചാർജുകൾ എത്രയെന്ന് ഒരു വിവരവും കാണില്ല. പണം നഷ്ടപ്പെടുന്നത് പലപ്പോഴും വളരെ വൈകിയാണ് ഉപഭോക്താക്കൾ അറിയുന്നത്. അതേസമയം പോസ്റ്റ് ഓഫീസിലാണ് അക്കൗണ്ടെങ്കിൽ അത് വളരെ ലാഭകരമാകുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

പോസ്റ്റ് ഓഫീസിൽ സേവിങ്സ് അക്കൗണ്ട് സൃഷ്ടിക്കുന്നത് സാധാരണ ബാങ്കുകളിലെ റെഗുലർ സേവിങ്സ് അക്കൗണ്ടിന് തുല്യമാണ്. പോസ്റ്റ് ഓഫീസിലെ ഫിക്സഡ് ഡെപോസ്റ്റിന് മറ്റ് ബാങ്കുകളേക്കാൾ ലാഭം ലഭിക്കുന്നുണ്ട്. പോസ്റ്റ് ഓഫീസിൽ എഫ് ഡികൾക്ക് പലിശ നിരക്ക് 6.25 ശതമാനം മുതൽ 7.5 ശതമാനം വരെയാണ്. അതേസമയം ബാങ്കുകളുടേത് 3.75 ശതമാനം മുതൽ 7.25 ശതമാനം വരെയാണ്.

തൊട്ടടുത്തുള്ള പോസ്റ്റ് ഓഫീസിൽ ചെന്നാൽ സേവിങ്സ് ബാങ്ക് അക്കൗണ്ടിനുള്ള അപേക്ഷ ലഭിക്കും. പാസ്പോർട് സൈസ് ഫോട്ടോ പതിച്ച് തിരിച്ചറിയൽ രേഖ സഹിതം അപേക്ഷ പൂരിപ്പിച്ച് നൽകിയാൽ അക്കൗണ്ട് രൂപീകരിക്കാം. 20 രൂപയിൽ കുറയാത്ത തുക പ്രാഥമിക നിക്ഷേപമായി അക്കൗണ്ടിൽ ഇടണം. 

പോസ്റ്റ് ഓഫീസ് അക്കൗണ്ട്  നേട്ടങ്ങൾ

  • പോസ്റ്റ് ഓഫീസ് അക്കൗണ്ട് എടുക്കുന്ന സമയത്ത് ഒരു നോമിനിയെ നിശ്ചയിക്കാനാവും. ഈ നോമിനിക്ക് അക്കൗണ്ട് ഉടമയ്ക്ക് പകരം അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാനും നിക്ഷേപിക്കാനും സാധിക്കും.
  • അക്കൗണ്ടിന്റെ ബ്രാഞ്ചായ പോസ്റ്റ് ഓഫീസ് മറ്റൊരിടത്തേക്ക് വളരെ എളുപ്പത്തിൽ മാറ്റാനാവും.
  • പത്ത് വയസിൽ കുറയാത്ത ഏത് പ്രായക്കാർക്കും സ്വന്തം സേവിങ്സ് ബാങ്ക് അക്കൗണ്ട് ഉണ്ടാക്കാം.
  • ഈ അക്കൗണ്ട് പ്രവർത്തന ക്ഷമമാകണമെങ്കിൽ, അക്കൗണ്ട് തുറന്ന് ആദ്യ മൂന്ന് വർഷത്തിനുള്ളിൽ ഒരു ഇടപാട് നടത്തണം.
  • ഉപഭോക്താവിന് അക്കൗണ്ട് തുറക്കുമ്പോൾ തന്നെ ഒരു ഡെബിറ്റ് കാർഡ് ലഭിക്കും. 
  • വ്യക്തിഗത എസ് ബി അക്കൗണ്ടുകൾ ജോയിന്റ് അക്കൗണ്ടായി മാറ്റാനാവും.
  • പലിശയടക്കം 10000 രൂപ വരെയുള്ള പോസ്റ്റ് ഓഫീസ് അക്കൗണ്ടുകൾക്ക് ഇൻകം ടാക്സ് നിയമപ്രകാരം നികുതിയിളവ് ലഭിക്കും.