മുംബൈ: കടക്കെണിയില്‍ പ്രതിസന്ധിയിലായ ജെറ്റ് എയര്‍വേസിനെ പുനരുജ്ജീവിപ്പിക്കാനുളള നടപടികള്‍ എസ്ബിഐ അടക്കമുളള ബാങ്കുകള്‍ ഊര്‍ജ്ജിതമാക്കി. മൊത്തം 9,535 കോടി രൂപയുടെ ഫണ്ട് ഉള്‍ച്ചേര്‍ക്കല്‍ ലക്ഷ്യമിട്ടുളളതാണ് ഏറ്റവും വലിയ വായ്പാദാതാവായ എസ്ബിഐ തയ്യാറാക്കിയിരുക്കുന്ന പദ്ധതി. പദ്ധതി നടപ്പാക്കിയാല്‍ ജെറ്റിന്‍റെ സ്ഥാപക ചെയര്‍മാന്‍ നരേഷ് ഗോയല്‍, പങ്കാളിയായ ഇത്തിഹാദ് എയര്‍വേസ് തുടങ്ങിയവര്‍ക്ക് കമ്പനിയില്‍ നിന്ന് പൂര്‍ണമായും പുറത്ത് പോകേണ്ടി വന്നേക്കാം. 

രണ്ട് നിക്ഷേപകരുടെ ഇക്വിറ്റി ഉള്‍ച്ചേര്‍ക്കല്‍ വഴി 3,800 കോടി രൂപ, എസ്ബിഐ അടക്കമുളള പൊതുമേഖല വായ്പാദാതാക്കളുടെ ഇക്വിറ്റിയായി 850 കോടി, പൊതു ഓഹരിയുടമസ്ഥരുടെ വകയായി 485 കോടി രൂപ, ഫണ്ട് ഇതര അടിസ്ഥാന സൗകര്യമായിങ്ങളുടെ ഗണത്തില്‍ 2,000 കോടി രൂപ, അധിക കടമായി 2,400 കോടി രൂപ എന്നിവ സമാഹരിക്കാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. 

ജെറ്റ് എയര്‍വേസിന്‍റെ സ്ഥാപകന്‍ ഗോയലും ഭാര്യയും ബോര്‍ഡില്‍ നിന്ന് രാജിവച്ചാല്‍ 1,500 കോടി രൂപ കമ്പനിക്ക് നല്‍കാമെന്ന് കഴിഞ്ഞ മാസം വായ്പ ദാതാക്കള്‍ വാഗ്ദാനം ചെയ്തിരുന്നു. ഗോയലും ഭാര്യയും രാജിവച്ച സാഹചര്യത്തില്‍ ഈ തുക കമ്പനിക്ക് ഉടന്‍ ലഭിക്കും. ഈ പ്രതിസന്ധി സാഹചര്യത്തില്‍ ഇത് കമ്പനിക്ക് ഏറെ സഹായകരമാണ്. ഇത്തിഹാദിനുണ്ടയായിരുന്ന ഓഹരിയായ 24  ശതമാനം കരാര്‍ പ്രകാരം 12 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ജെറ്റ് എയര്‍വേസിന്‍റെ ഭരണം പൂര്‍ണമായും വായ്പദാതാക്കള്‍ നിയമിക്കുന്ന സ്വതന്ത്ര ട്രസ്റ്റികള്‍ ഉടന്‍ ഏറ്റെടുത്തേക്കും. ഇതോടെ ഇത്തിഹാദും ഗോയലും പൂര്‍ണമായും കമ്പനിക്ക് പുറത്തേക്ക് പോകേണ്ടിയും വന്നേക്കും.  

ഇത്തരം നടപടിയിലൂടെ ജെറ്റിന്‍റെ ഓഹരികള്‍ ട്രസ്റ്റികളുടെ കൈകളിലെത്തിയാല്‍ ഓഹരി ഒന്നിന് 150 രൂപ എന്ന നിരക്കില്‍ റൈറ്റ്സ് ഇഷ്യു വഴി ഇക്വിറ്റി ഉള്‍ച്ചേര്‍ക്കലും ഇതിനെ തുടര്‍ന്ന് ഉണ്ടായേക്കും.