അടിയന്തര ആവശ്യങ്ങള്‍ക്ക് വായ്പ എടുത്ത് ഒരു മാസം കൊണ്ട് തന്നെ അത് തിരിച്ചടയ്ക്കുന്നവര്‍ക്ക് പലിശ നിരക്കില്‍ വരുത്തിയിരിക്കുന്ന കുറവ് ഗുണകരമാണ്.

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എംസിഎല്‍ആര്‍ അടിസ്ഥാനമാക്കിയുള്ള വായ്പാ പലിശ നിരക്ക് കുറച്ചു . ഒരു മാസത്തെ കാലയളവുള്ള വായ്പകളുടെ പലിശ നിരക്കാണ് കുറച്ചത്. കാല്‍ ശതമാനം കുറവാണ് വരുത്തിയിരിക്കുന്നത്. പുതിയ പലിശ നിരക്ക് ഏര്‍പ്പെടുത്തിയതോടെ ഒരു മാസത്തേക്ക് 8.45 ശതമാനം പലിശ എന്നത് 8.2 ശതമാനം ആയി കുറയും. അടിയന്തര ആവശ്യങ്ങള്‍ക്ക് വായ്പ എടുത്ത് ഒരു മാസം കൊണ്ട് തന്നെ അത് തിരിച്ചടയ്ക്കുന്നവര്‍ക്ക് പലിശ നിരക്കില്‍ വരുത്തിയിരിക്കുന്ന കുറവ് ഗുണകരമാണ്. അതേ സമയം 3 മാസത്തേക്ക് 8.5 ശതമാനം, 6 മാസത്തേക്ക് 8.85 ശതമാനം, 1 വര്‍ഷത്തേക്ക് 8.95 ശതമാനം 2 വര്‍ഷത്തേക്ക് 9.05 ശതമാനം, 3 വര്‍ഷത്തേക്ക് 9.1 ശതമാനം എന്നിങ്ങനെ എസ്ബിഐയുടെ എംസിഎല്‍ആര്‍ അടിസ്ഥാനമാക്കിയുള്ള മറ്റ് വായ്പകളുടെ പലിശ നിരക്ക് മാറ്റമില്ലാതെ തുടരും.

എന്താണ് എംസിഎല്‍ആര്‍?

ഒരു ധനകാര്യ സ്ഥാപനം നല്‍കുന്ന വായ്പകള്‍ക്ക് ഈടാക്കുന്ന അടിസ്ഥാന പലിശ നിരക്കാണ് മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്‍ഡിംഗ് റേറ്റ് അഥവാ എംസിഎല്‍ആര്‍. ഈ നിരക്കിന് താഴെയുള്ള പലിശ നിരക്കില്‍ വായ്പ നല്‍കാന്‍ ആ ധനകാര്യ സ്ഥാപനത്തിന് സാധിക്കില്ല.

2016 ഏപ്രില്‍ ഒന്നിനാണ് പലിശ നിരക്ക് നിശ്ചയിക്കുന്നതിനുള്ള അടിസ്ഥാന നിരക്ക് സമ്പ്രദായത്തിന് പകരം ആര്‍ബിഐ എംസിഎല്‍ആര്‍ സംവിധാനം ഏര്‍പ്പെടുത്തിയത്. 2016 ഏപ്രില്‍ 01-ന് മുമ്പ് വായ്പ നല്‍കിയ വായ്പക്കാര്‍ ഇപ്പോഴും പഴയ ബെഞ്ച്മാര്‍ക്ക് പ്രൈം ലെന്‍ഡിംഗ് റേറ്റ് (ബിപിഎല്‍ആര്‍) സമ്പ്രദായത്തിന് കീഴിലാണ്. അവര്‍ക്ക് എംസിഎല്‍ആര്‍ നിരക്കിലേക്ക് മാറാനും സാധിക്കും. ബാങ്കുകള്‍ പലിശ നിരക്കില്‍ വരുത്തുന്ന മാറ്റം അപ്പോള്‍ തന്നെ വായ്പകളില്‍ പ്രതിഫലിക്കുന്നത് എംസിഎല്‍ആര്‍ അടിസ്ഥാനമാക്കിയുള്ള വായ്പകളിലാണ്. എംസിഎല്‍ആറിലേക്ക് മാറണമെങ്കില്‍ ബാങ്കുകളില്‍ പ്രത്യേക അപേക്ഷ സമര്‍പ്പിക്കണം.