തിരുവനന്തപുരം: ചെറുകിട കാര്‍ഷിക, ചെറുകിട വാണിജ്യ മേഖലകളിലെ വായ്പകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് എസ്ബിഐ (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) പ്രത്യേക വിഭാഗം ആരംഭിച്ചു. രാജ്യ വ്യാപകമായി എണ്ണായിരത്തിലേറെ ഗ്രാമീണ, ചെറുപട്ടണ ശാഖകളിലൂടെയാണ് ഇതുമായി ബന്ധപ്പെട്ട സൂക്ഷ്മ വായ്പകള്‍ നല്‍കുക. 

ബാങ്കിന്റെ 63,000-ത്തില്‍ ഏറെയുള്ള കസ്റ്റമര്‍ സര്‍വീസ് പോയിന്റുകളുടെ സേവനവും ഗുണനിലവാരവും കൂടുതല്‍ മെച്ചപ്പെടുത്തുകയും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്. മൈക്രോ ഫിനാന്‍സ് രംഗത്ത് കൂടുതല്‍ പ്രധാന്യം നല്‍കുന്നതു കൂടിയായിരിക്കും പുതിയ മേഖല. 

രാജ്യത്തിന്റെ ഉള്‍നാടന്‍ മേഖലകളിലുള്ളവര്‍ക്ക് സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കുന്ന സുപ്രധാനമായൊരു നീക്കമാണിതെന്ന് എസ്ബിഐ ചെയര്‍മാന്‍ രജനീഷ് കുമാര്‍ പറഞ്ഞു. ഡിഎംഡി സഞ്ജീവ് നൗടിയാലായിരിക്കും പുതിയ വിഭാഗത്തിന്റെ മേധാവി.