ദില്ലി: സാമ്പത്തിക രംഗത്ത് നടപ്പു വർഷം വൻ തിരിച്ചടിയുണ്ടാകുമെന്ന് എസ്ബിഐ റിപ്പോർട്ട്. പ്രതീക്ഷിച്ചതിന്‍റെ ഇരട്ടിയോളം ഇടിവ് ഉണ്ടാവുമെന്നാണ് മുന്നറിയിപ്പ്. നടപ്പ് സാമ്പത്തിക വര്‍ഷം രാജ്യത്ത് ആകെ വളര്‍ച്ചയിൽ പത്ത് ശതമാനത്തിലധികം ഇടിവുണ്ടാകുമെന്നാണ് എസ്ബിഐയുടെ റിപ്പോര്‍ട്ട്. നെഗറ്റീവ് വളര്‍ച്ച അടുത്ത മൂന്ന് പാദത്തിലും തുടരുമെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നൽകുന്നു. 

ആദ്യപാദത്തിൽ കണ്ടതുപോലെ അടുത്ത പാദങ്ങളിലും വളര്‍ച്ചാനിരക്ക് കുത്തനെ ഇടിയും. കാര്‍ഷിക മേഖലയിൽ മാത്രമാണ് ആദ്യപാദത്തിൽ നേരിയ വളര്‍ച്ച കണ്ടത്. അടുത്ത പാദങ്ങളിൽ അതും പ്രതീക്ഷിക്കേണ്ടെന്നും എസ്ബിഐയുടെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിൽ പറയുന്നു. 

വ്യവസായം ഒഴികെയുള്ള മേഖലകളിലാണ് ഇപ്പോൾ വായ്പകൾക്ക് ആവശ്യക്കാര്‍ കൂടുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതോടൊപ്പം ജിഎസ്ടി വരുമാനത്തിൽ 12 ശതമാനത്തിന്‍റെ കുറവ് കഴിഞ്ഞ മാസത്തിൽ ഉണ്ടായി എന്ന ധനന്ത്രാലയത്തിന്‍റെ കണക്കുകളും പുറത്തുവന്നു. ജൂലായ് മാസത്തിലെ വരുമാനത്തേക്കാൾ ഓഗസ്റ്റിൽ ഒരു ശതമാനത്തിന്‍റെ കുറവും ഉണ്ടായി.