വിപണികള്‍ തകര്‍ന്ന് തരിപ്പണമാകുമ്പോള്‍ സന്തോഷിക്കുന്നതെങ്ങനെ? കോവിഡിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് വിപണികള്‍ നേരിടുന്നത്.

ക്ടോബര്‍ മാസം രാജ്യത്ത് ഉല്‍സവ സീസണാണ്. പല തരത്തിലുള്ള ആഘോഷങ്ങള്‍ പൊടിപൊടിക്കുമ്പോള്‍ പക്ഷെ ഇന്ത്യന്‍ ഓഹരി വിപണി ശോകമൂകമാണ്. അവിടെ ആഘോഷങ്ങളില്ല, ആഹ്ലാദാരവങ്ങളില്ല.. വിപണികള്‍ തകര്‍ന്ന് തരിപ്പണമാകുമ്പോള്‍ സന്തോഷിക്കുന്നതെങ്ങനെ? കോവിഡിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് വിപണികള്‍ നേരിടുന്നത്. രണ്ട് വര്‍ഷം മുമ്പ് ജൂണ്‍ മാസത്തില്‍ സെന്‍സെക്സില്‍ 4.58 ശതമാനം ഇടിവാണ് ഉണ്ടായതെങ്കില്‍ ഈ മാസം ഇന്നലെ വരെ 5 ശതമാനമാണ് ഇടിവ്.

പല കാരണങ്ങളുമുണ്ട് വിപണിയിലെ ഈ തകര്‍ച്ചയ്ക്ക് പിന്നില്‍. ഇതില്‍ ഏറ്റവും പ്രധാനം വിദേശ നിക്ഷേപകരുടെ സ്വാധീനമാണ്. ചൈനീസ് ഓഹരി വിപണിയിലെ ഓഹരികള്‍ ഇപ്പോള്‍ നിക്ഷേപിക്കാന്‍ അനുയോജ്യമായ വില നിലവാരത്തിലാണെന്ന് കണ്ടതോടെ വിദേശ നിക്ഷേപകര്‍ ഇന്ത്യയിലെ നിക്ഷേപമെല്ലാം ചൈനയിലേക്ക് മാറ്റാന്‍ തുടങ്ങി. 82000 കോടി രൂപയുടെ നിക്ഷേപമാണ് ഈ മാസം മാത്രം വിദേശനിക്ഷേപകര്‍ വിറ്റഴിച്ചത്. കോവിഡ് കാലത്തേക്കാള്‍ ശക്തമായ വില്‍പനയാണ് വിദേശ നിക്ഷേപകര്‍ നടത്തുന്നത്. ബോംബെ സ്റ്റോക്ക് എക്സേഞ്ചിലെ ആകെ ഓഹരികളുടെ വിപണി മൂല്യത്തില്‍ 29 ലക്ഷം കോടിയാണ് ഈ മാസം നഷ്ടമായത്.

പ്രാഥമിക ഓഹരി വില്‍പനകളുടെ എണ്ണം വലിയ തോതില്‍ ഉയര്‍ന്നതോടെ നിക്ഷേപകരുടെ പോക്കറ്റ് കാലിയാകുന്നതും ഓഹരി വിപണികളുടെ മൊത്തത്തിലുള്ള മുന്നേറ്റത്തെ ബാധിക്കുന്നുണ്ട്. ഈ വര്‍ഷം മാത്രം 82 ഐപിഒകളാണ് രാജ്യത്ത് നടന്നത്. ഇതിലൂടെ 1.08 ലക്ഷം കോടിയാണ് സമാഹരിക്കപ്പെട്ടത്. ഇനിയും നിരവധി ഐപിഒകള്‍ വരാനിരിക്കുന്നുമുണ്ട്.

അതേസമയം ഇന്ത്യയില്‍ വില്‍ക്കുക, ചൈനയില്‍ വാങ്ങുക എന്ന നിലവിലെ ട്രെന്‍റ് മാറി വിദേശ നിക്ഷേപകര്‍ അധികം വൈകാതെ ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് മടങ്ങിയെത്തുമെന്ന് പല വിദഗ്ധരും പറയുന്നു. നാല് ശതമാനത്തില്‍ കൂടുതല്‍ ഇടിവ് ഇനി പ്രതീക്ഷിക്കുന്നില്ലെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.

നിയമപ്രകാരമുള്ള മുന്നറിയിപ്പ് : ഓഹരി വിപണി നിക്ഷേപം ലാഭ നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്, നിക്ഷേപവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും നിക്ഷേപം നടത്തുന്നതിന് മുന്നോടിയായി ശ്രദ്ധാപൂര്‍വ്വം വായിക്കുക.