സൂചികകൾ ദുർബലമായിരുന്നു എങ്കിലും ഇന്ന് വിപണി നേട്ടത്തിൽ ആരംഭിച്ചു. നിഫ്റ്റി 74 പോയിന്റ് ഉയർന്നു. നേട്ടത്തിലുള്ള ഓഹരികൾ അറിയാം  

മുംബൈ: ഓഹരി വിപണി (Share Market) നേരിയ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. ഇന്നലെ നേട്ടത്തോടെയായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് രാവിലെ സെൻസെക്സ് 248.37 പോയിന്റ് അഥവാ 0.45 ശതമാനം ഉയർന്ന് 55930.32 ലും നിഫ്റ്റി 74.10 പോയിന്റ് അല്ലെങ്കിൽ 0.45 ശതമാനം ഉയർന്ന് 16679.40 ലും ആണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്‌ഇ മിഡ്‌ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ 0.5 ശതമാനം വരെ ഉയർന്നു. 

നിഫ്റ്റിയിൽ ഇന്ന് യുപിഎൽ, കൊട്ടക് മഹീന്ദ്ര ബാങ്ക്, നെസ്‌ലെ ഇന്ത്യ, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, എം ആൻഡ് എം തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. അതേസമയം ഇൻഫോസിസ്, ഒഎൻജിസി, എൽ ആൻഡ് ടി, അപ്പോളോ ഹോസ്പിറ്റൽസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്. 

സെൻസെക്‌സിൽ ഇന്ന് അൾട്രാടെക് സിമന്റ്, ടാറ്റ സ്റ്റീൽ, നെസ്‌ലെ, ടെക് എം, എം ആൻഡ് എം, കൊട്ടക് ബാങ്ക്, ഏഷ്യൻ പെയിന്റ്‌സ്, എസ്‌ബിഐ, എച്ച്‌ഡിഎഫ്‌സി എന്നീ ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ എൽ ആൻഡ് ടി, ഇൻഫോസിസ് എന്നിവ നഷ്ടത്തിലുമാണ്. 

ത്രൈമാസ ഫലം എത്തുന്നതിന് മുന്നോടിയായി ഇന്ന് റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികൾ ഉയർന്നു. റിലയൻസ് ഇൻഡസ്ട്രീസിന്റെ സാമ്പത്തിക വർഷത്തെ ആദ്യ പാദ ഫലങ്ങൾ ഇന്ന് പ്രഖ്യാപിക്കും. മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള ഓയിൽ-ടു-ടെലികോം കമ്പനി ഏപ്രിൽ-ജൂൺ പാദത്തിൽ അതിന്റെ ശക്തമായ വളർച്ച തുടരുമെന്ന് പ്രതീക്ഷിക്കുന്നു

ഇന്നലെ വ്യാപാരം അവസാനിക്കുമ്പോൾ അമേരിക്കൻ ഡോളറിനെതിരെ 79.95 എന്ന നിലവാരത്തിൽ ആയിരുന്നു രൂപയുടെ വിനിമയ മൂല്യം. ഇന്ന് വ്യപാരം ആരംഭിച്ചപ്പോൾ 79.88 ആണ് രൂപയുടെ വിനിമയ നിരക്ക്. അടുത്ത ആഴ്ച യുഎസ് ഫെഡ് നിരക്കുകൾ പ്രഖ്യാപിക്കാനിരിക്കെ രൂപയുടെ മൂല്യം 82 ലേക്ക് എത്തുമെന്നാണ് റിപ്പോർട്ടുകൾ.