സൂചികകൾ നഷ്ടത്തെ മറികടന്നു. സെൻസെക്‌സും നിഫ്റ്റിയും ഇന്ന് മുന്നേറി. മൂന്ന് ദിവസത്തെ നഷ്ടത്തിന് ശേഷം വിപണിയിൽ ലാഭം കൊയ്ത ഓഹരികൾ ഇവയാണ് 


മുംബൈ: ആഭ്യന്തര ഓഹരി വിപണി ആരംഭത്തിലെ നേട്ടം തുടർന്നു. 3 ദിവസത്തെ നഷ്ടത്തെ മറികടന്ന് ഓഹരി സൂചികകൾ ഉയർന്നു. ബിഎസ്ഇ സെൻസെക്‌സ് 479 പോയിന്റ് അഥവാ 0.80 ശതമാനം ഉയർന്ന് 57,626 എന്ന നിലയിലും എൻഎസ്ഇ നിഫ്റ്റി, 140 പോയിന്റ് ഉയർന്ന് 17,124 ലും ആണ് വ്യാപാരം അവസാനിപ്പിച്ചത്. 

ഇന്ന് രാവിലെ, സെൻസെക്‌സ് 160-ഓളം പോയിന്റ് ഉയർന്ന് 57,312 ൽ എത്തിയിരുന്നു. അതിനുശേഷം ഇടിവുണ്ടായെങ്കിലും അവസാന മണിക്കൂറിൽ വീണ്ടും ഉയർന്നു. സെൻസെക്‌സിൽ പവർഗ്രിഡ് കോർപ്പറേഷനും എൻടിപിസിയും യഥാക്രമം 3.5 ശതമാനവും 2.5 ശതമാനവും നേട്ടമുണ്ടാക്കി. ആക്സിസ് ബാങ്ക് മൂന്ന് ശതമാനത്തിലധികം ഉയർന്നു. ത്രൈമാസ ഫലം പുറത്തു വിട്ടതിനെ തുടർന്ന് ഇൻഫോസിസ് 0.4 ശതമാനം ഉയർന്നു. 

Read Also: പുതിയ പെർഫ്യൂം പുറത്തിറക്കി ഇലോൺ മസ്ക്; ഇത് 'ഭൂമിയിലെ ഏറ്റവും മികച്ച സുഗന്ധം'

ഇൻഡസ്‌ഇൻഡ് ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, അൾട്രാടെക് സിമന്റ്, എച്ച്‌സിഎൽ ടെക്‌നോളജീസ്, നെസ്‌ലെ ഇന്ത്യ, കൊട്ടക് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്‌ഡിഎഫ്‌സി, ലാർസൺ ആൻഡ് ടൂബ്രോ, എസ്‌ബിഐ തുടങ്ങിയ ഓഹരികൾ ഇന്ന് വിപണിയിൽ നേട്ടത്തിലാണ്. അതേസമയം ഏഷ്യൻ പെയിന്റ്‌സും ഡോ. ​​റെഡ്ഡീസ് ലാബ്‌സും 1.5 ശതമാനം വീതം നഷ്ടം നേരിട്ടു. 

ബി‌എസ്‌ഇ മിഡ്‌ക്യാപ് സൂചിക 0.7 ശതമാനം മുന്നേറി, അതേസമയം സ്‌മോൾക്യാപ് സൂചിക വ്യപരത്തിന്റെ ആദ്യ മണിയ്ക്കൂറിൽ ഇടിയുകയും പിന്നീട് 0.2 ശതമാനം നേരിയ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിക്കുകയും ചെയ്തു. മേഖലകളിൽ ബിഎസ്ഇ ഓട്ടോ, ബാങ്കെക്‌സ്, റിയൽറ്റി, എഫ്എംസിജി, മെറ്റൽ, പവർ സൂചികകൾ ഇന്ന് ഒന്ന് മുതൽ 1.7 ശതമാനം വരെ നേട്ടമുണ്ടാക്കി. എല്ലാ മേഖലകളും നേട്ടത്തിലാണ്. 

Read Also: പഴയ വീട് വിൽക്കാൻ പദ്ധതിയുണ്ടോ? നികുതി ലഭിക്കാനുള്ള 4 മാർഗങ്ങൾ അറിയാം

 .