മുംബൈ: ഇന്ത്യൻ ബെഞ്ച്മാർക്ക് സൂചികകൾ ഒരു ശതമാനത്തിലധികം വ്യാപാര മുന്നേറ്റം നടത്തി, തിങ്കളാഴ്ച ഇടപാടുകളിൽ തുടർച്ചയായ ആറാം ദിവസവും വിപണി നേട്ടത്തിലാണ്. ആഗോള സൂചകങ്ങൾ അനുകൂലമായി തുടരുന്നതാണ് മുന്നേറ്റത്തിന് കാരണം.

ബിഎസ്ഇ സെൻസെക്സ് 650 പോയിൻറ് അഥവാ 1.4 ശതമാനം ഉയർന്ന് 51,440 ലെവലിൽ വ്യാപാരം നടത്തി. വിശാലമായ നിഫ്റ്റി 50 സൂചികയും 15,000 മാർക്കിന് മുകളിൽ ആരംഭിക്കുകയും, പിന്നീട് 15,100 മാർക്കിലേക്ക് കയറുകയും ചെയ്തു. മഹീന്ദ്ര ആൻഡ് മഹീന്ദ്ര 9 ശതമാനം നേട്ടം കൈവരിച്ച് സെൻസെക്സ് നേട്ടക്കാരിൽ ഒന്നാമതെത്തി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ആക്സിസ് ബാങ്കും 3 ശതമാനം വീതം ഉയർന്നു.

നിഫ്റ്റി സെക്ടറൽ സൂചികകളെല്ലാം മികച്ച പ്രകടനമാണ് നട‌ത്തുന്നത്, നിഫ്റ്റി ബാങ്ക് സൂചിക രണ്ട് ശതമാനം ഉയർന്ന് വ്യാപാര മുന്നേറ്റത്തിന് നേതൃത്വം നൽകി.

ആദിത്യ ബിർള ഫാഷൻ, ബാൽകൃഷ്ണ ഇൻഡസ്ട്രീസ്, ഗ്ലോബസ് സ്പിരിറ്റ്സ് എന്നിവയുൾപ്പെടെ 140 കമ്പനികൾ ഡിസംബർ പാദ ഫലങ്ങൾ ഇന്ന് റിപ്പോർട്ട് ചെയ്യും.