മുംബൈ: രാജ്യത്ത് സൗരോർജ്ജ പാനലുകൾ ഘടിപ്പിക്കുന്നതിലും വൻ ഇടിവുണ്ടായെന്ന് 2019 ലെ കണക്കുകൾ വ്യക്തമാക്കുന്നു. 2018 ൽ 8338 മെഗാവാട്ട് സൗരോർജ്ജം സ്ഥാപിച്ചപ്പോൾ 2019 ൽ ഇത് 12 ശതമാനത്തോളം ഇടിഞ്ഞ്, 7346 മെഗാവാട്ടായി. ഇതിന്‍റെ 85 ശതമാനവും വൻകിട സൗരോർജ്ജ പദ്ധതികളാണ്. 6242 മെഗാവാട്ടിന്‍റെ വൻകിട പദ്ധതികളാണ് യാഥാർത്ഥ്യമായത്. എന്നാൽ ഇതിലും മുൻവർഷത്തെ അപേക്ഷിച്ച് ഏഴ് ശതമാനത്തിന്റെ ഇടിവുണ്ട്.

വീടിന്‍റെ മുകളിൽ സ്ഥാപിച്ച സൗരോർജ്ജ പദ്ധതികൾ ആകെ 1104 മെഗാവാട്ടിന്‍റേതാണ്. ഇതിൽ 2018 നെ അപേക്ഷിച്ച് 33 ശതമാനത്തിന്‍റെ ഇടിവുണ്ടായി. കർണാടകമാണ് ഏറ്റവും അധികം സൗരോർജ്ജ പദ്ധതികൾ യാഥാർത്ഥ്യമാക്കിയത്. 1.8 ഗിഗാവാട്ട്. രാജസ്ഥാനും തമിഴ്നാടും തൊട്ടുപിന്നിലുണ്ട്. മൂന്ന് സംസ്ഥാനങ്ങളിലുമായി ആകെ 70 ശതമാനത്തോളം സൗരോർജ്ജ പദ്ധതികളാണ് സ്ഥാപിതമായത്.

2019 ൽ രാജ്യം നേരിട്ട കടുത്ത സാമ്പത്തിക മാന്ദ്യത്തിന്‍റെ പ്രതിഫലനമാണ് ഈ ഇടിവെന്നാണ് വിലയിരുത്തൽ. വീടുകൾക്ക് മുകളിൽ സ്ഥാപിക്കുന്ന സൗരോർജ്ജ പദ്ധതികൾ അഞ്ച് വർഷത്തിനിടെ ആദ്യമായാണ് ഇത്രയും ഇടിഞ്ഞത്.