ദില്ലി: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ജെറ്റ് എയര്‍വേസ് പൈലറ്റുന്മാരെയും എഞ്ചിനീയര്‍മാരെയും സ്പൈസ് ജെറ്റ് ജോലിക്ക് നിയമിക്കുന്നു. എന്നാല്‍, ജെറ്റ് എയര്‍വേസില്‍ ജീവനക്കാര്‍ക്ക് ലഭിച്ചിരുന്ന ശമ്പളത്തിന്‍റെ 30 മുതല്‍ 50 ശതമാനം വരെ കുറഞ്ഞ വേതന വാഗ്ദാനമാണ് സ്പൈസ് ജെറ്റ് നല്‍കിയിരിക്കുന്നതെന്ന് പ്രമുഖ ദേശീയ മാധ്യമമായ ലൈവ് മിന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നു.  

ഇപ്പോള്‍ നിയമന ഉത്തരവ് ലഭിച്ചിരിക്കുന്ന ചില പൈലറ്റുമാര്‍ക്കും എഞ്ചിനീയര്‍മാര്‍ക്കും സ്പൈസ് ജെറ്റ് അടക്കമുളള എയര്‍ലൈന്‍ കമ്പനികള്‍ ബോണസ് അടക്കം മികച്ച ശമ്പള പാക്കേജ് മുന്‍പ് വാഗ്ദാനം ചെയ്തിരുന്നു. 'ജെറ്റ് അടുച്ചു പൂട്ടല്‍ ഭീഷണിയുടെ പടിവാതിലില്‍ എത്തി നില്‍ക്കുന്നതാണ് പൈലറ്റുമാരുടെയും എഞ്ചിനീയര്‍മാരുടെയും ശമ്പളത്തില്‍ കുറവ് വരാന്‍ കാരണം. വ്യോമയാന മേഖലയിലെ മറ്റ് കമ്പനികളെക്കാള്‍ ഉയര്‍ന്ന ശമ്പളമാണ് ജെറ്റ് എയര്‍വേസ് അവരുടെ ജീവനക്കാര്‍ക്ക് നല്‍കിയിരുന്നത്. ഇപ്പോള്‍ ഇത്ര വലിയ കുറവ് വരാന്‍ കാരണവും ഇതാണ്'. വ്യോമയാന മേഖലയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

നാല് മാസമായി ജെറ്റ് എയര്‍വേസ് പൈലറ്റുമാര്‍ക്ക് ശമ്പളം ലഭിക്കുന്നില്ല. 23,000 ത്തോളം ജീവനക്കാരുടെ നിത്യജീവിതമാണ് ഇതോടെ പ്രതിസന്ധിയിലായത്.