കൊച്ചി: ഇന്ത്യയിൽ നിന്നുള്ള സുഗന്ധ വ്യഞ്ജന കയറ്റുമതിയിൽ ജൂൺ മാസത്തിൽ വൻ വർധന രേഖപ്പെടുത്തി. 23 ശതമാനം ഉയർന്ന് 359 ദശലക്ഷം ഡോളറാണ് കയറ്റുമതി ചെയ്തത്. 2690 കോടിയോളം വരുമിത്.

കഴിഞ്ഞ വർഷം ഇതേ മാസത്തിൽ 292 ദശലക്ഷം ഡോളറിന്റെ സുഗന്ധവ്യഞ്ജനമാണ് കയറ്റി അയച്ചത്. കുരുമുളക്, ഏലം, ഇഞ്ചി, മഞ്ഞൾ, മല്ലി, ജീരകം, ഉലുവ, ജാതിക്ക, ചതകുപ്പ, സുഗന്ധ തൈലങ്ങൾ തുടങ്ങിയവയാണ് കയറ്റി അയച്ച പ്രധാന ഉൽപ്പന്നങ്ങൾ.

അമേരിക്ക, യുകെ, ജർമനി, ഫ്രാൻസ്, ഇറ്റലി, കാനഡ, ഓസ്ട്രേലിയ, യുഎഇ, ഇറാൻ, സിങ്കപ്പൂർ, ചൈന, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് പ്രധാനമായും ഇവ കയറ്റി അയച്ചത്.

രാജ്യത്ത് നിന്നും ജൂൺ മാസത്തിൽ നടത്തിയ കയറ്റുമതിയുടെ ആകെ മൂല്യം 21.91 ബില്യൺ ഡോളറാണ്. കഴിഞ്ഞ വർഷം ഇത് 25.01 ബില്യൺ ഡോളറായിരുന്നു. 12.41 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.