ഇന്ത്യയിൽ പ്രാർത്ഥനയ്ക്കും ജ്യോതിഷത്തിനുമായി സ്മാർട്ട്ഫോൺ ആപ്പുകളെ ആശ്രയിക്കുന്നവരുടെ എണ്ണം കുതിച്ചുയരുകയാണ്. 2026-ലെ ആദ്യ ഒമ്പത് മാസത്തിനുള്ളിൽ മാത്രം ഇത്തരം ആപ്പുകളുടെ ഡൗൺലോഡ് 30 കോടി കവിഞ്ഞു. ജ്യോതിഷ രംഗത്ത് എഐ സാങ്കേതികവിദ്യയുടെ കടന്നുവരവും ഈ വളർച്ചയ്ക്ക് വലിയ പങ്കുവഹിക്കുന്നുണ്ട്.

പ്രാര്‍ത്ഥനയ്ക്കും ജ്യോതിഷത്തിനുമായി സ്മാര്‍ട്ട്ഫോണുകളെ ആശ്രയിക്കുന്നവരുടെ എണ്ണം ഇന്ത്യയില്‍ കുതിച്ചുയരുന്നു. ഭജനകള്‍ കേള്‍ക്കാനും ബൈബിള്‍ വായിക്കാനും നക്ഷത്രഫലം നോക്കാനുമൊക്കെയായി മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോള്‍ ആപ്പുകളെയാണ് വ്യാപകമായി ആശ്രയിക്കുന്നത് വിപണി ഗവേഷണ സ്ഥാപനമായ സെന്‍സര്‍ ടവറിന്റെ കണക്കുകള്‍ പ്രകാരം, 2026-ന്റെ ആദ്യ ഒമ്പത് മാസത്തിനുള്ളില്‍ മാത്രം രാജ്യത്ത് റിലീജിയസ്, സ്പിരിച്വല്‍, ജ്യോതിഷ ആപ്പുകളുടെ ഡൗണ്‍ലോഡ് ഏകദേശം 30 കോടി കവിഞ്ഞു. ഇന്ത്യയിലെ ആപ്പ് വിപണിയില്‍ അതിവേഗം വളരുന്ന മേഖലയായി ഈ ആത്മീയ-ജ്യോതിഷ ആപ്പുകള്‍ മാറിക്കഴിഞ്ഞു.

റെക്കോര്‍ഡ് വളര്‍ച്ച

ഈ വര്‍ഷം ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ജ്യോതിഷ ആപ്പുകള്‍ മാത്രം 15 കോടി തവണയാണ് ഡൗണ്‍ലോഡ് ചെയ്യപ്പെട്ടത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത് 75 ശതമാനം കൂടുതലാണ്. മതപരവും ആത്മീയവുമായ ആപ്പുകളുടെ ഡൗണ്‍ലോഡ് 14.6 കോടിയായി ഉയര്‍ന്നു (47% വര്‍ധന). കഴിഞ്ഞ വര്‍ഷം മുഴുവന്‍ ഈ രണ്ട് വിഭാഗങ്ങളിലുമായി ആകെ നടന്ന 24.8 കോടി ഡൗണ്‍ലോഡ് എന്ന റെക്കോര്‍ഡാണ് ഈ വര്‍ഷം സെപ്റ്റംബറോടെ ഈ ആപ്പുകള്‍ മറികടന്നത്.

മതഭേദമന്യേയാണ് ആളുകള്‍ ഈ ഡിജിറ്റല്‍ വഴി തിരഞ്ഞെടുക്കുന്നത് എന്നത് മറ്റൊരു പ്രത്യേകതയാണ്. പ്രതിമാസ സജീവ ഉപയോക്താക്കളുടെ കാര്യത്തില്‍ സനാതന്‍ സ്റ്റാറ്റസ് ഭജന്‍ മന്ത്ര ആണ് ഒന്നാം സ്ഥാനത്ത്. ബൈബിള്‍ വായനയും ഓഡിയോ സൗകര്യവുമുള്ള യൂവേര്‍ഷന്‍ ബൈബിള്‍ ആപ്പ് രണ്ടാം സ്ഥാനത്തുമുണ്ട്. പ്രാര്‍ത്ഥനാ സമയങ്ങളും മറ്റും നല്‍കുന്ന വീമുസ്ലിം മൂന്നാം സ്ഥാനത്താണ്. ഓണ്‍ലൈന്‍ പൂജകള്‍ക്കും മറ്റുമായി ഉപയോഗിക്കുന്ന ശ്രീ മന്ദിര്‍ നാലാം സ്ഥാനത്തും ഖുര്‍ആന്‍ വായനയും പ്രാര്‍ത്ഥനാ സൗകര്യവുമുള്ള മുസ്ലിം പ്രോ അഞ്ചാം സ്ഥാനത്തും എത്തി.

ഉപയോക്താക്കളുടെ എണ്ണത്തിലും വന്‍ വളര്‍ച്ചയുണ്ടായി. സനാതന്‍ സ്റ്റാറ്റസ് ഭജന്‍ മന്ത്രയുടെ പ്രതിമാസ ഉപയോക്താക്കളുടെ എണ്ണം 109 ശതമാനമാണ് വര്‍ധിച്ചത്. യൂവേര്‍ഷന്‍ 24 ശതമാനവും വീമുസ്ലിം 39 ശതമാനവും മുസ്ലിം പ്രോ 5 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തി.

ജ്യോതിഷത്തില്‍ എഐ വിപ്ലവം

ജ്യോതിഷ രംഗത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കടന്നുവരവാണ് മറ്റൊരു പ്രധാന മാറ്റം. 3 കോടി ഡൗണ്‍ലോഡുകളോടെ ആസ്‌ട്രോടോക്ക് ആണ് ഇതില്‍ മുന്നില്‍. ആസ്‌ട്രോസേജ് :കുണ്ഡലി എഐ ആസ്‌ട്രോളജി 2.5 കോടി ഡൗണ്‍ലോഡുകളോടെ (172% വര്‍ധന) തൊട്ടുപിന്നിലുണ്ട്‌.