മുംബൈ: ജെറ്റ് എയര്‍വേസിന്‍റെ 75 ശതമാനം ഓഹരി വില്‍പ്പനയ്ക്കായുളള ലേലത്തില്‍ പങ്കെടുക്കാന്‍ യോഗ്യതയുളള നാല് സ്ഥാപനങ്ങളെ സ്റ്റേറ്റ് ബാങ്ക് നേതൃത്വം നല്‍കുന്ന കണ്‍സോഷ്യം ഷോര്‍ട്ട് ലിസ്റ്റ് ചെയ്തു. ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം ചുരുക്കപ്പട്ടികയില്‍ ഇത്തിഹാദ് എയര്‍വേസും ഇടം നേടിയിട്ടുളളതായാണ് വിവരം.

ടിപിജി ക്യാപിറ്റല്‍, ഇന്‍ഡിഗോ പാര്‍ട്ട്നേഴ്സ്, ഇത്തിഹാദ് എയര്‍വേസ്, നാഷണല്‍ ഇന്‍വെസ്റ്റ്മെന്‍റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് (എന്‍ഐഐഎഫ്) തുടങ്ങിയവരാണ് ചുരുക്കപ്പട്ടികയില്‍ ഇടം നേടിയത്. ജെറ്റ് എയര്‍വേസിന്‍റെ ഓഹരി ലേലത്തില്‍ സ്ഥാപകനും മുന്‍ ചെയര്‍മാനുമായിരുന്നു നരേഷ് ഗോയല്‍ പങ്കെടുക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും പിന്നീട് പിന്മാറല്‍ പ്രഖ്യാപിക്കുകയായിരുന്നു. 

നരേഷ് ഗോയല്‍ ലേലത്തിനായി ബിഡ് സമര്‍പ്പിച്ചാല്‍ ഇത്തിഹാദ് ഉള്‍പ്പടെയുളളവര്‍ പിന്മാറുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതോടെ അദ്ദേഹം ലേല നടപടികളില്‍ നിന്ന് പിന്മാറുകയായിരുന്നു. ഈ മാസം തന്നെ ചുരുക്കപ്പട്ടികയിലുളള സ്ഥാപനങ്ങള്‍ ഫിനാന്‍ഷ്യല്‍ ബിഡ് സമര്‍പ്പിക്കുമെന്നാണ് വായ്പദാതാക്കളുടെ കണ്‍സോഷ്യത്തിന്‍റെ പ്രതീക്ഷ. 

ഇത്തിഹാദ് ലേല നടപടികളില്‍ പങ്കെടുക്കുമെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതോടെ ഇന്ത്യന്‍ വ്യോമയാന മേഖല ആകാംക്ഷയിലായി. എന്നാല്‍, ഇത്തിഹാദും എന്‍ഐഐഎഫും സംയുക്തമായാകും ലേലത്തിന്‍റെ ഭാഗമാകുകയെന്ന് ഹിന്ദു ബിസിനസ് ലൈന്‍ ഉള്‍പ്പടെയുളള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്‍ഐഐഎഫിനും അബുദാബിയില്‍ വ്യാപാര ബന്ധങ്ങളുണ്ട്.