ദില്ലി: ഗുണമേന്മ മാനദണ്ഡങ്ങളിൽ ഇന്തോനേഷ്യ ഇളവ് വരുത്തിയതോടെ ഇന്ത്യയിലെ പഞ്ചസാര മില്ലുടമകൾക്ക് പ്രതീക്ഷ വർധിച്ചു. ലോകത്തെ പഞ്ചസാര വിപണിയിൽ ബ്രസീലിനോട് ശക്തമായി ഏറ്റുമുട്ടുന്ന ഇന്ത്യൻ കമ്പനികൾക്ക് ഇതോടെ ഇന്തോനേഷ്യയിലേക്ക് 2.50 ലക്ഷം ടൺ പഞ്ചസാര കയറ്റി അയക്കാൻ സാധിക്കും. 

ഇന്തോനേഷ്യയിലേക്ക് ഏറ്റവും കൂടുതൽ പഞ്ചസാര കയറ്റി അയച്ചത് തായ്‌ലന്റിൽ നിന്നായിരുന്നു. എന്നാൽ കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് തായ്‌ലന്റിലെ ഉൽപ്പാദനം കുറഞ്ഞു. ഇതാണ് ഇന്ത്യൻ കമ്പനികൾക്ക് മുന്നിൽ കാലങ്ങളായി അടക്കപ്പെട്ടിരുന്ന വാതിൽ തുറക്കാൻ കാരണം.

ഇന്ത്യയിലാണെങ്കിൽ പഞ്ചസാര കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്. ഒക്ടോബറിലെ റെക്കോർഡ് വിളവെടുപ്പിന് ശേഷം 14 ദശലക്ഷം ടൺ പഞ്ചസാരയുടെ റിസർവാണ് ഉള്ളത്. അതിനാൽ തന്നെ തുറന്ന് കിട്ടിയ സുവർണ്ണാവസരം മുതലാക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യയിൽ പഞ്ചസാര സംസ്കരിക്കുന്ന കമ്പനികൾ.