ദില്ലി: തന്റെ അച്ഛന്റെ ഒരു വർഷത്തെ ശമ്പളം ചെലവഴിച്ചാണ് തനിക്ക് അമേരിക്കയ്ക്ക് വരാൻ ആദ്യ വിമാന ടിക്കറ്റ് എടുത്തതെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചെ. ലോകമാകെയുള്ള വിദ്യാർത്ഥികളെ യൂട്യൂബ് സംഘടിപ്പിച്ച വെബിനാറിലൂടെ അഭിമുഖീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്റ്റാൻഫോർഡ് സർവകലാശാലയിൽ ഉപരിപഠനത്തിനായി ഇന്ത്യയിൽ നിന്ന് പോകുമ്പോഴാണ് വിമാനയാത്രക്ക് ഇത്രയും പണം ചെലവായത്. അതായിരുന്നു തന്റെ ആദ്യത്തെ വിമാനയാത്രയും. അമേരിക്ക വളരെ ചെലവേറിയതായിരുന്നു. നാട്ടിലേക്ക് ഒരു ഫോൺ കോളിന് രണ്ട് ഡോളറായിരുന്നു ചെലവെന്നും ഒരു ബാഗ് വാങ്ങിക്കാൻ അച്ഛന്റെ ഒരു മാസത്തെ ശമ്പളം ചെലവായെന്നും അദ്ദേഹം ഓർത്തെടുത്തു.

വിദ്യാർത്ഥികളോട് സംവദിച്ച 47കാരനായ പിച്ചൈ താൻ കടന്നുവന്ന വഴികളെ കുറിച്ച് സംസാരിക്കുകയായിരുന്നു. പത്താമത്തെ വയസിലാണ് ആദ്യമായി ടെലിവിഷൻ ഉപയോഗിച്ചത്. അന്നതിൽ ഒരു ചാനൽ മാത്രമാണ് ഉണ്ടായിരുന്നത്. അമേരിക്കയിൽ ബിരുദപഠനത്തിന് വന്ന ശേഷമാണ് കംപ്യൂട്ടർ സ്ഥിരമായി ഉപയോഗിക്കാൻ തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.