Asianet News MalayalamAsianet News Malayalam

വീട് മോഹിക്കുന്നവര്‍ക്ക് നല്ലകാലം !, ഭവന നിര്‍മാണമേഖലയ്ക്ക് ഉണര്‍വ് ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍

രാജ്യത്തെ ഹൗസിംഗ് ഫിനാന്‍സ് രംഗത്തെ ശക്തിപ്പെടുത്തി നിര്‍മാണമേഖലയുടെ തളര്‍ച്ച പരിഹരിക്കുകയെന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തിയുളള നയമാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്. 

support for housing schemes
Author
New Delhi, First Published Sep 14, 2019, 4:04 PM IST

ദില്ലി: രാജ്യത്ത് ദൃശ്യമാകുന്ന വളര്‍ച്ചാ മുരടിപ്പ് പരിഹരിക്കുക ലക്ഷ്യമിട്ടുളള പുതിയ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍. കയറ്റുമതി, ഭവന നിര്‍മാണം തുടങ്ങിയ മേഖലകള്‍ക്ക് കൂടുതല്‍ പ്രധാന്യം നല്‍കിയുളള പ്രഖ്യാപനങ്ങളാണ് ധനമന്ത്രിയില്‍ നിന്നുണ്ടായത്. ബജറ്റ് വീടുകളുടെ നിര്‍മാണം പ്രോത്സാഹിപ്പിക്കുന്ന നയമാണ് സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്നത്. 

റിസര്‍വ് ബാങ്കിന്‍റെ റിപ്പോ നിരക്കുമായി ഭവന വായ്പകളെ ബന്ധിപ്പിക്കുമെന്ന് നേരത്തെ നടത്തിയ പ്രഖ്യാപനം മന്ത്രി ആവര്‍ത്തിച്ചു. എല്ലാ ബാങ്കുകളുടെയും ഭവന വായ്പ നിരക്കുകള്‍ ഈ രീതിയിലേക്ക് മാറ്റും. രാജ്യത്തെ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളെയും ഹൗസിംഗ് ഫിനാന്‍സ് കോര്‍പ്പറേഷനുകള്‍ക്കുമുളള ധനസഹായവും ധനമന്ത്രി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ആവാസ് യോജനയില്‍ ഉള്‍പ്പെടുത്തി 1.95 കോടി വീടുകള്‍ രാജ്യത്ത് നിര്‍മിക്കുമെന്നും അവര്‍ അറിയിച്ചു. കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി നടത്തിയ പ്രഖ്യാപനങ്ങളുടെ തുടര്‍ച്ചയായിരുന്നു വാര്‍ത്താ സമ്മേളനത്തിലും നടത്തിയത്.  

രാജ്യത്തെ ഹൗസിംഗ് ഫിനാന്‍സ് രംഗത്തെ ശക്തിപ്പെടുത്തി നിര്‍മാണമേഖലയുടെ തളര്‍ച്ച പരിഹരിക്കുകയെന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തിയുളള നയമാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനങ്ങളിലൂടെ മുന്നോട്ടുവയ്ക്കുന്നത്. റിപ്പോ നിരക്കുമായി ബന്ധിപ്പിച്ച് ഭവന വായ്പയുടെ പലിശ നിരക്കുകള്‍ കുറയ്ക്കുന്നതിലൂടെ  രാജ്യത്തെ വായ്പ ലഭ്യത ഉയര്‍ത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. 

Follow Us:
Download App:
  • android
  • ios