Asianet News MalayalamAsianet News Malayalam

ഇന്ത്യക്കാര്‍ക്ക് ഇഷ്ടം ബിരിയാണി തന്നെ: രസകരമായ കണക്കുകളുമായി സ്വിഗ്ഗിയുടെ വാര്‍ഷിക റിപ്പോര്‍ട്ട്

കൊച്ചിയിലെ സുധയാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ ഓര്‍ഡറുകള്‍ ഡെലിവറി ചെയ്ത സ്വിഗ്ഗിയുടെ  വനിത ജീവനക്കാരി. 13 മാസം കൊണ്ട് 6838 എണ്ണം. 

swiggy release their annual report for 2019
Author
Mumbai, First Published Dec 24, 2019, 9:48 PM IST

ചെന്നൈ: ഓണ്‍ലൈന്‍ ഭക്ഷണവിതരണ കമ്പനിയായ സ്വിഗ്ഗിയുടെ വാര്‍ഷിക റിപ്പോര്‍ട്ട് പുറത്ത്. തുടര്‍ച്ചയായി മൂന്നാം വര്‍ഷവും രാജ്യത്തെ ഏറ്റവും കൂടുതല്‍ പേര്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ബിരിയാണിയാണ്. രാജ്യത്തെ വിവിധ നഗരങ്ങളിലായി 95 തരം ബിരിയാണികള്‍ ഇന്ത്യക്കാര്‍ ഓര്‍ഡര്‍ ചെയ്തെന്നും 19 രൂപയുടെ മുംബൈ ചല്‍ ദാനോ തവ ബിരിയാണി മുതല്‍ പൂണെയില്‍ വില്‍ക്കുന്ന 1500 രൂപയുടെ ചിക്കന്‍ സജുക് തുപ് ബിരിയാണി വരെ ഇതില്‍ ഉള്‍പ്പെടുമെന്നും സ്വിഗ്ഗി പറയുന്നു.

സ്വിഗ്ഗി പുറത്തു വിട്ട രസകരമായ ഭക്ഷണകണക്കുകള്‍...

2019-ല്‍ ഏറ്റവും കൂടുതല്‍ പേര്‍ കഴിച്ച പത്ത് വിഭവങ്ങള്‍ 

  1. ചിക്കന്‍ ബിരിയാണി
  2. മസാല ദോശ
  3. പനീര്‍ ബട്ടര്‍ മസാല
  4. ചിക്കന്‍ ഫ്രൈഡ് റൈസ്
  5. മട്ടണ്‍ ബിരിയാണി
  6. ചിക്കന്‍ ദം ബിരിയാണി
  7. വെജിറ്റിബിള്‍ ഫ്രൈഡ് റൈസ്
  8. വെജ് ബിരിയാണി
  9. തന്തൂരി ചിക്കന്‍
  10. ദാല്‍ മക്കാനി

 

ഒരോ ഒരു മിനിറ്റിലും 95 ബിരിയാണി ഇന്ത്യക്കാര്‍ ഓര്‍ഡര്‍ ചെയ്യുന്നു. സെക്കന്‍ഡില്‍ 1.6 എന്ന കണക്കില്‍ 

  • ഗുലാം ജാമുന്‍ ആണ് 2019-ലെ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട മധുരവിഭവം. 17,69,399 ഓര്‍ഡറുകള്‍ ഗുലാം ജാമുന് കിട്ടി.  11.94 ലക്ഷം ഓര്‍ഡറുകളുമായി ഫാലുദയാണ് രണ്ടാം സ്ഥാനത്ത്. ഇതോടൊപ്പം ഡെത്ത് ബൈ ചോക്ലേറ്റ്, ടെണ്ടര്‍ കൊക്കനട്ട് ഐസ്ക്രീം എന്നിവയ്ക്കും ആരാധകരേറെയാണ്. 

ചില ദിവസങ്ങളില്‍ ചില പ്രത്യേക വിഭവങ്ങള്‍ക്ക് റെക്കോര്‍ഡ് ഓര്‍ഡറുകള്‍ ലഭിക്കുന്ന പ്രവണതയുണ്ടെന്ന് സ്വിഗ്ഗിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

  • ഫെബ്രുവരി 17 - ഗുലാം ജാമുന്‍
  • ഫെബ്രുവരി 24 - ഡോണഡ് 
  • മെയ് 12 - കോഫി
  • മെയ് 12 - ഐസ്ക്രീം
  • ജൂണ്‍ 16 - ഫ്രഞ്ച് ഫ്രൈസ്
  • സെപ്തംബര്‍ 22 - പിസ 
  • ഒക്ടോബര്‍ 20 - ബിരിയാണി
  • ഒക്ടോബര്‍ 20 - കെബാബ്
  • ഒക്ടോബര്‍ 20 - ചായ 

2018-ല്‍ നിന്നും 2019-ല്‍ എത്തുമ്പോള്‍ ഓര്‍ഡറുകളുടെ എണ്ണത്തില്‍ കൂടുതല്‍ വര്‍ധന രേഖപ്പെടുത്തിയത് കിച്ചടിക്കാണ്. 128 ശതമാനം വളര്‍ച്ച

ആരോഗ്യകാര്യങ്ങളിലും പോഷകസമ്പുഷ്ടമായ ഭക്ഷണരീതിയിലും ഇന്ത്യക്കാരുടെ താത്പര്യം കൂടുന്നുവെന്ന് തെളിയിക്കുന്നതാണ് സ്വിഗ്ഗിയുടെ റിപ്പോര്‍ട്ട്. കീറ്റോ ഭക്ഷ്യവിഭവങ്ങളുടെ ഡിമാന്‍ഡ് കാര്യമായി വര്‍ധിച്ചിട്ടുണ്ട്. 3.5 ലക്ഷം കീറ്റോ ഓര്‍ഡറുകളാണ് സ്വിഗ്ഗി 2019-ല്‍ ഡെലിവറി ചെയ്തത്. 

മൂന്ന് ലക്ഷം കേക്കുകളാണ് 2019 സ്വിഗ്ഗിയിലൂടെ ഡെലിവറി ചെയ്യപ്പെട്ടത്. ബ്ലാക്ക് ഫോറസ്റ്റ് കേക്കിനായിരുന്നു കൂടുതല്‍ ഡിമാന്‍ഡ്.  മുംബൈയില്‍ 6000 ഫാലുഡ ഡ‍െലിവറി ചെയ്യപ്പട്ടപ്പോള്‍ ചത്തീസ്‍ഗഢില്‍ 79242 തവണയാണ് ചോക്കോ പൈ ഡ്രിങ്ക് ഡെലിവറി ചെയ്തത്. 

കോയമ്പത്തൂരില്‍ രാവിലെ 6.07 മണിക്ക് പൊങ്കലും ഇഡ്‍ലിയും ഡെലിവറി ചെയ്തതാണ് 2019-ല്‍ ഒരു ദിവസത്തില്‍ ഏറ്റവും ആദ്യം നടത്തിയ ഓര്‍ഡര്‍ ഡെലിവറി. ബാംഗ്ലൂരുവില്‍ പുലര്‍ച്ചെ 4.37-ന് ഫുഡ് ഓര്‍ഡര്‍ ചെയ്തതായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ഫസ്റ്റ് ഡേ ഓര്‍ഡര്‍. 

രാജ്യത്തെ 530 നഗരങ്ങളില്‍ സ്വിഗ്ഗിയുടെ സേവനം നിലവില്‍ ലഭ്യമാണ്. ഡെലിവറി ജീവനക്കാരില്‍ ഭൂരിപക്ഷവും പുരുഷന്‍മാരായിരുന്നുവെങ്കിലും ഇപ്പോള്‍ ആ ട്രന്‍ഡ് മാറുന്നുണ്ട്. ആയിരത്തിലേറെ വനിതകള്‍ ഫുഡ് ഡെലിവറി സര്‍വ്വീസില്‍ ഇപ്പോള്‍ സജീവമാണ്.

കൊച്ചിയിലെ സുധയാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ ഓര്‍ഡറുകള്‍ ഡെലിവറി ചെയ്ത സ്വിഗ്ഗിയുടെ  വനിത ജീവനക്കാരി. 13 മാസം കൊണ്ട് 6838 എണ്ണം. 2.35 ലക്ഷം ഡെലിവറി ജീവനക്കാരാണ് സ്വിഗ്ഗിയില്‍ ഇപ്പോള്‍ ജോലി ചെയ്യുന്നത്. 

Follow Us:
Download App:
  • android
  • ios