ദില്ലി/സൂറിച്ച്: സ്വിസ് ബാങ്കുകളില്‍ ഇന്ത്യാക്കാരുടെ അക്കൗണ്ടുകൾക്ക് അവകാശികളില്ല. ഈ പണത്തിന് ഇനിയും അവകാശികളെത്താതിരുന്നാൽ ഇവ സ്വിറ്റ്സർലന്റ് സർക്കാരിലേക്ക് മാറും. പത്ത് ഇന്ത്യാക്കാരുടെ പേരിലുള്ള അക്കൗണ്ടുകളിലെ പണത്തിനാണ് അവകാശികൾ ഇനിയും എത്താത്തത്.

ബ്രിട്ടീഷ് ഇന്ത്യയിലെ പൗരന്മാരുടെ പേരിലുള്ളതാണ് ഇതിൽ ചില അക്കൗണ്ടുകൾ. എന്നാൽ, അനക്കമില്ലാതെ കിടക്കുന്ന ഇവയ്ക്ക് ഇതുവരെ അവകാശികൾ ആരും എത്തിയിട്ടില്ല. ഇതിൽ ചില അക്കൗണ്ടുകളുടെ അവകാശം അറിയിക്കാനുള്ള കാലാവധി അടുത്ത മാസം അവസാനിക്കും. മറ്റുള്ള അക്കൗണ്ടുകൾക്ക് 2020 അവസാനം വരെ കാലാവധിയുണ്ട്.

എന്നാൽ, പാക്കിസ്ഥാനിലെയും സ്വിറ്റ്സർലന്റിലെയും ചിലരുടെ പേരിലുള്ള അക്കൗണ്ടുകൾക്ക് അവകാശികൾ എത്തി. 2015 ൽ അക്കൗണ്ട് വിവരങ്ങൾ പരസ്യപ്പെടുത്തിയ ഉടൻ തന്നെ അവകാശികൾ രംഗത്ത് വന്നിരുന്നു. 1955 മുതൽ അനക്കമില്ലാതെ കിടക്കുന്ന 2600 അക്കൗണ്ടുകളാണ് ഉള്ളത്. 2015 ഡിസംബർ മാസത്തിലാണ് ഇവ പരസ്യപ്പെടുത്തിയത്. ഏതാണ്ട് മുന്നൂറ് കോടിയോളം രൂപയാണ് ഈ അക്കൗണ്ടുകളിലുള്ളത്.

കൂടുതൽ അക്കൗണ്ടുകൾ 2015 ന് ശേഷവും ഇതോടൊപ്പം കൂട്ടിച്ചേർത്തിരുന്നു. ഇപ്പോൾ ഈ അക്കൗണ്ടുകളുടെ എണ്ണം 3,500 ആയിട്ടുണ്ട്. സ്വിസ് അക്കൗണ്ടുകൾ എന്നും ഇന്ത്യയിൽ ചൂടേറിയ രാഷ്ട്രീയ ചർച്ചകൾക്ക് തിരികൊളുത്തിയിരുന്നു. ഇന്ത്യാക്കാർ കള്ളപ്പണം ഒളിപ്പിച്ചിരിക്കുന്നത് ഇവിടെയാണെന്നാണ് പൊതുവായി വിശ്വസിക്കപ്പെട്ടത്. അതേസമയം മുൻപ് രാജഭരണ കാലം മുതൽ രാജ്യത്തെ പല സമ്പന്നരും സ്വിസ് ബാങ്കുകളിൽ പണം നിക്ഷേപിച്ചിരുന്നുവെന്നും സംശയിക്കുന്നുണ്ട്.

ആഗോള തലത്തിൽ ഉയർന്ന സമ്മർദ്ദത്തിന്റെ ഫലമായാണ് തങ്ങളുടെ ബാങ്കിങ് രേഖകളുടെ രഹസ്യസ്വഭാവം മാറ്റാൻ സ്വിറ്റ്സർലന്റ് തീരുമാനിച്ചത്. സ്വിസ് ബാങ്കുകളിൽ അക്കൗണ്ടുള്ള ഇന്ത്യാക്കാരുടെ വിവരങ്ങളുടെ ആദ്യ ബാച്ച് ഈയിടെയാണ് കൈമാറിയത്. കൂടുതൽ വിവരങ്ങൾ വരും നാളുകളിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ.