ബേണ്‍: ലോകത്തെ ഏറ്റവും രഹസ്യാത്മകത സൂക്ഷിക്കുന്ന ബാങ്കിങ് സംവിധാനം ഉളള രാജ്യം എന്ന വിഭാഗത്തിലാണ് സ്വിറ്റ്സര്‍ലാന്‍ഡ് ഉള്‍പ്പെടുന്നത്. അതിനാല്‍ തന്നെ സമ്പന്നര്‍ തങ്ങളുടെ പണം ഒളിച്ചു സൂക്ഷിക്കാന്‍ സ്വിറ്റ് ബാങ്കുകളില്‍ നിക്ഷേപം നടത്താറുണ്ട്. സ്വിസ് ബാങ്കുകളില്‍ നിക്ഷേപമുളള ഇന്ത്യക്കാരുടെ വിവരങ്ങള്‍ നല്‍കണമെന്ന് നിരവധി തവണ ഇന്ത്യന്‍ സര്‍ക്കാര്‍ സ്വിറ്റ്സര്‍ലന്‍ഡിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. 

ഇപ്പോള്‍ സ്വിസ് ബാങ്കുകളില്‍ നിക്ഷേപമുളള ഇന്ത്യാക്കാരുടെ വിവരം പരസ്യപ്പെടുത്തുന്നത് സംബന്ധിച്ച നടപടികള്‍ അവിടുത്തെ ധനകാര്യ സംവിധാനം വേഗത്തിലാക്കിയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി കഴിഞ്ഞ ആഴ്ച ഏകദേശം 25 ഇന്ത്യക്കാര്‍ക്ക് സ്വിസ് ഫെഡറല്‍ ടാക്സ് അഡ്മിനിസ്ട്രേഷന്‍ നോട്ടീസ് പുറപ്പെടുവിച്ചു. സ്വിസ് ബാങ്കുകളിലെ വിദേശ ഉപഭോക്താക്കളുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നത്  സംബന്ധിച്ച് തീരുമാനമെടുക്കുന്ന സ്വിറ്റ്സര്‍ലന്‍ഡ് സര്‍ക്കാരിന്‍റെ നോഡല്‍ ഏജന്‍സിയാണ് ഫെഡറല്‍ ടാക്സ് അഡ്മിസ്ട്രേഷന്‍. 

ഇക്കഴിഞ്ഞ മെയ് 21 ന് 11 പേര്‍ക്ക് നോട്ടീസ് ഇഷ്യു ചെയ്തിരുന്നു. വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നത് സംബന്ധിച്ച് എതിര്‍പ്പുകള്‍ ഉളളവര്‍ക്ക് അപ്പീല്‍ സമര്‍പ്പിക്കാനുളള അവസാന അവസരമാണിതെന്നാണ് സ്വിസ് അതികൃതര്‍ പറയുന്നത്. നോട്ടീസ് അയച്ചിട്ടുളള 11 പേരെ സംബന്ധിച്ച് പൂര്‍ണ വിവരങ്ങളില്ല. മിക്കവരുടെയും പേരുകള്‍ ഷോര്‍ട്ട് ഫോമിലാണ് നല്‍കിയിരിക്കുന്നത്. രണ്ട് വ്യക്തികളുടെ മാത്രമാണ് പൂര്‍ണ പേര് വ്യക്തമായിട്ടുളളത്. കൃഷ്ണ ഭഗവാന്‍ രാമചന്ദ് (ജനനം മെയ് 1949) കല്‍പേഷ് ഹര്‍ഷാദ് കിനാരിവാല (ജനനം സെപ്റ്റംബര്‍ 1972) എന്നിവരുടെ പേരുകളാണ് ഇത് സംബന്ധിച്ച് ഫെഡറല്‍ ടാക്സ് അഡ്മിനിസ്ട്രേഷന്‍ പുറത്തിറക്കിയ നോട്ടിഫിക്കേഷനിലുളളത്. 11 പേരുടെയും ജനന മാസവും വര്‍ഷവും നോട്ടിഫിക്കേഷനില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

മറ്റ് ഒന്‍പത് പേരുടെ വിവരങ്ങള്‍ ഇങ്ങനെയാണ്. മിസ്റ്റര്‍ എഎസ്ബികെ (നവംബര്‍ 24, 1944), മിസ്റ്റര്‍ എബികെഐ (ജൂലൈ ഒന്‍പത്, 1944), മിസ്റ്റര്‍ പിഎഎസ് (നവംബര്‍ 2, 1983), മിസ്റ്റര്‍ ആര്‍എഎസ് (നവംബര്‍ 22, 1973), മിസ്റ്റര്‍ എപിഎസ് (നവംബര്‍ 27, 1944), മിസ്റ്റര്‍ എഡിഎസ് (ആഗസ്റ്റ് 14, 1949), മിസ്റ്റര്‍ എംഎല്‍എ (മെയ് 20, 1935), മിസ്റ്റര്‍ എന്‍എംഎ (ഫെബ്രുവരി 21, 1968), മിസ്റ്റര്‍ എംഎംഎ (ജൂണ്‍ 27, 1973).