കന്നി ബജറ്റിൽ 'പ്രധാനമന്ത്രി സൂര്യ ഘർ മുഫ്ത് ബിജ്ലി യോജന' പ്രകാരം വീടുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കുന്നതിന് 1 ലക്ഷം രൂപ വരെ സബ്സിഡി പ്രഖ്യാപിച്ച് വിജയ് സർക്കാർ. 50 കോടി രൂപ വകയിരുത്തിയ ഈ പദ്ധതി, മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവുള്ള തമിഴ്‌നാട്ടിലെ ഗാർഹിക സോളാർ ഉപയോഗം വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്നു.
ചെന്നൈ: സംസ്ഥാനത്തെ പുനരുപയോഗ ഊർജ്ജ മേഖലയ്ക്ക് ഊന്നൽ നൽകി തമിഴ്‌നാട് സർക്കാരിന്റെ കന്നി ബജറ്റ് പ്രഖ്യാപനം. 'പ്രധാനമന്ത്രി സൂര്യ ഘർ മുഫ്ത് ബിജ്ലി യോജന' (PM Surya Ghar Muft Bijli Yojana) റൂഫ്‌ടോപ്പ് സോളാർ പദ്ധതിക്ക് കീഴിൽ വീടുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് 1 ലക്ഷം രൂപ വരെ സബ്സിഡി നൽകുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചു. എന്നാൽ, പദ്ധതി പ്രകാരം ഉപഭോക്താവിന് പരമാവധി നേടാവുന്ന കേന്ദ്ര സബ്സിഡി 78,000 രൂപയാണ്. ഇതിൽ സംസ്ഥാനത്തിന്റെ വിഹിതവും ചേർത്താണ് സംസ്ഥാനം1 ലക്ഷം രൂപ വരെ സബ്സിഡി നൽകുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
പദ്ധതിക്കായി 50 കോടി രൂപയാണ് തമിഴ്നാട് സംസ്ഥാന സർക്കാർ വകയിരുത്തിയിരിക്കുന്നത്. മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളെ അപേക്ഷിച്ച് തമിഴ്‌നാട്ടിൽ വീടുകളിലെ സോളാർ ഉപയോഗം കുറവാണ്. ഈ സാഹചര്യം മറികടക്കാനാണ് സർക്കാരിന്റെ പുതിയ നീക്കം. 2026 ജൂലൈയിലെ കണക്കനുസരിച്ച് തമിഴ്‌നാട്ടിലെ പുരപ്പുറ സോളാർ ശേഷി 316 മെഗാവാട്ടാണ് (MW). സംസ്ഥാനത്തെ 1,03,004 വീടുകളിലായി 87,039 ഇൻസ്റ്റാളേഷനുകൾ മാത്രമാണ് ഇതുവരെ നടന്നിട്ടുള്ളത്. കേന്ദ്ര പദ്ധതിക്ക് പുറമെ സംസ്ഥാന സർക്കാർ നൽകുന്ന ഈ ധനസഹായം തുടക്കത്തിലെ സാമ്പത്തിക ഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് തമിഴ്‌നാട് സോളാർ എനർജി ഡെവലപ്പേഴ്സ് അസോസിയേഷൻ (TNSEDA) പ്രസിഡന്റും ശ്രീറാം സോളാർ സി.ഇ.ഒയുമായ പി. ശിവകുമാർ പറഞ്ഞു.


