മുംബൈ: എല്‍ജിബിറ്റിക്യു സമൂഹത്തിന് കരുതലേകുന്ന എച്ച് ആര്‍ നയം സ്വീകരിച്ച് ടാറ്റാ സ്റ്റീല്‍. എല്‍ജിബിറ്റിക്യൂ ജീവനക്കാരെയും പങ്കാളികളെയും ഒരു തരത്തിലും മാറ്റി നിര്‍ത്താതെ മറ്റ് ജീവനക്കാര്‍ക്ക് നല്‍കുന്ന എല്ലാ ആനുകൂല്യങ്ങളും നല്‍കി ചേര്‍ത്ത് നിര്‍ത്തുന്നതാണ് പുതിയ നയം. ലിംഗമാറ്റ ശസ്ത്രക്രിയക്ക് ധനസഹായവും 30 ദിവസം പ്രത്യേക അവധിയും നല്‍കുന്നതുള്‍പ്പടെ ഒട്ടേറെ ആനുകൂല്യങ്ങളാണ് കമ്പനി നല്‍കുന്നത്.

എല്‍ജിബിറ്റിക്യു  സമൂഹത്തില്‍പ്പെട്ട തൊഴിലാളികളുടെ പങ്കാളികള്‍ക്കും കമ്പനി നിയമപ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങളും ലഭ്യമാകും. വിവാഹിതരും ഒരുമിച്ച് താമസിക്കുന്നവരുമായ സ്വവര്‍ഗ്ഗാനുരാഗികളും പങ്കാളികള്‍ എന്ന നിര്‍വചനത്തില്‍പ്പെടും. ആരോഗ്യ പരിശോധനകള്‍, മെഡിക്കല്‍ ആനുകൂല്യങ്ങള്‍ തുടങ്ങി എല്ലാ ആനുകൂല്യങ്ങളും അവധികളും ലഭ്യമാകും. മാത്രമല്ല, സ്ത്രീ-പുരുഷ പങ്കാളികള്‍ക്ക് മാത്രം പങ്കെടുക്കാമായിരുന്ന എല്ലാ കോര്‍പ്പറേറ്റ് പരിപാടികൡലും എല്‍ജിബിറ്റിക്യു ജീവനക്കാര്‍ക്കും പങ്കാളികള്‍ക്കും പങ്കെടുക്കാം. എല്ലാ ജീവനക്കാരും  കമ്പനിക്ക് ഒരുപോലെയാണ്. കമ്പനി നയങ്ങള്‍ പരിഷ്‌കരിച്ച്, എല്‍ജിബിറ്റിക്യു ജീവനക്കാര്‍ക്കും പങ്കാളികള്‍ക്കും എല്ലാ  ആനുകൂല്യങ്ങളും ലഭ്യമാക്കുന്നത് വഴി തുല്യത ഉറപ്പാക്കുകയും ജോലിസ്ഥലത്തെ വിവേചനം ഒഴിവാക്കാന്‍ സാധിക്കുകയും ചെയ്യുമെന്ന് ടാറ്റാ സ്റ്റീല്‍ എച്ച് ആര്‍ വൈസ് പ്രസിഡന്റ് സുരേഷ് ദത്ത് ത്രിപാഠി പറഞ്ഞു.