തിരുവനന്തപുരം ഉള്‍പ്പടെ രാജ്യത്തെ അഞ്ച് വിമാനത്താവളങ്ങളുടെ നടത്തിപ്പവകാശം കഴിഞ്ഞ മാസമാണ് അദാനി ഗ്രൂപ്പ് സ്വന്തമാക്കിയത്. അദാനി ഗ്രൂപ്പിന്‍റെ മേഖലയിലേക്കുളള ആദ്യ ചുവടുവയ്പ്പായിരുന്നു ഇത്. ഇതിന് പിന്നാലെയാണ് ജിഎംആറില്‍ നിര്‍ണ്ണായക നിക്ഷേപം നടത്തിക്കൊണ്ട് ടാറ്റാ ഗ്രൂപ്പും വിമാനത്താവള നടത്തിപ്പ് രംഗത്തേക്കെത്തുന്നത്. ഇന്ത്യയില്‍ ദില്ലി അന്താരാഷ്ട്ര വിമാനത്താവളവും (ഡയല്‍), ഹൈദരാബാദ് അന്താരാഷ്ട്ര വിമാനത്താവളവും പ്രവര്‍ത്തിക്കുന്നത് ജിഎംആറിന്‍റെ നേതൃത്വത്തിലാണ്. 

തിരുവനന്തപുരം: ജിഎംആര്‍ ഇന്‍ഫ്രാസ്ട്രക്ച്ചറിന്‍റെ എയര്‍പോര്‍ട്ട്സ് വിഭാഗത്തിന്‍റെ ഓഹരി വാങ്ങിയതിലൂടെ ടാറ്റാ ഗ്രൂപ്പ് വിമാനത്താവള നടത്തിപ്പ് മേഖലയില്‍ സാന്നിധ്യമറിയിച്ചു. ഉഡാന്‍ പോലെയുളള പദ്ധതികളും ഭാവിയില്‍ കൂടുതല്‍ വിമാനത്താവള സ്വകാര്യവല്‍ക്കരണം നടക്കാനുളള സാധ്യതയും പുതിയ വിമാനത്താവളങ്ങളുടെ ആവശ്യകത വര്‍ധിക്കുന്നതും ഉള്‍പ്പടെ വന്‍ വളര്‍ച്ചയ്ക്കാകും മേഖല സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. ഇതിനാല്‍ തന്നെ രാജ്യത്തെ മിക്ക വ്യവസായ ഗ്രൂപ്പുകളും വിമാനത്താവള നടത്തിപ്പ് മേഖലയില്‍ നിക്ഷേപം നടത്താന്‍ രംഗത്തുണ്ട്. 

തിരുവനന്തപുരം ഉള്‍പ്പടെ രാജ്യത്തെ അഞ്ച് വിമാനത്താവളങ്ങളുടെ നടത്തിപ്പവകാശം കഴിഞ്ഞ മാസമാണ് അദാനി ഗ്രൂപ്പ് സ്വന്തമാക്കിയത്. അദാനി ഗ്രൂപ്പിന്‍റെ മേഖലയിലേക്കുളള ആദ്യ ചുവടുവയ്പ്പായിരുന്നു ഇത്. ഇതിന് പിന്നാലെയാണ് ജിഎംആറില്‍ നിര്‍ണ്ണായക നിക്ഷേപം നടത്തിക്കൊണ്ട് ടാറ്റാ ഗ്രൂപ്പും വിമാനത്താവള നടത്തിപ്പ് രംഗത്തേക്കെത്തുന്നത്. ഇന്ത്യയില്‍ ദില്ലി അന്താരാഷ്ട്ര വിമാനത്താവളവും (ഡയല്‍), ഹൈദരാബാദ് അന്താരാഷ്ട്ര വിമാനത്താവളവും പ്രവര്‍ത്തിക്കുന്നത് ജിഎംആറിന്‍റെ നേതൃത്വത്തിലാണ്. ഇതിന് പുറമേ ഫിലിപ്പീന്‍സ് മക്താന്‍ സേബു, ഗ്രീക്ക് ദ്വീപായ ക്രീറ്റിലെ വിമാനത്താവളം എന്നിവയും ജിഎംആറിന്‍റെ കൈവശമാണ്. 

ജിഎംആര്‍ 45 ശതമാനം ഓഹരിയാണ് വില്‍പ്പന നടത്തിയത്. ടാറ്റാ ഗ്രൂപ്പ്, സിംഗപ്പൂര്‍ സോവറിന്‍ ഫണ്ടായ ജിഐസി, മറ്റൊരു സിംഗപ്പൂര്‍ സ്ഥാപനമായ എസ്എസ്ജി ക്യാപിറ്റല്‍ മാനേജ്മെന്‍റ് എന്നിവരാണ് ഓഹരി വാങ്ങിയത്. ഇവര്‍ 8000 കോടി രൂപ ജിഎംആറില്‍ നിക്ഷേപിക്കും. ജിഎംആര്‍ 54 ശതമാനം ഓഹരികള്‍ കൈവശം സൂക്ഷിക്കും. ടാറ്റാ ഗ്രൂപ്പ് 3,520 കോടി രൂപയാണ് നിക്ഷേപിക്കാന്‍ പോകുന്നത്. 20 ശതമാനം കമ്പനിയുടെ ഓഹരി ഇനിമുതല്‍ ടാറ്റാ ഗ്രൂപ്പിന്‍റെ പക്കലാകും. ഇടപാടിലൂടെ ലഭിക്കുന്ന തുക കട ബാധ്യത തീര്‍ക്കാനാകും ജിഎംആര്‍ വിനിയോഗിക്കുക. രണ്ട് മാസത്തിനുളളില്‍ ഇടപാടുകള്‍ പൂര്‍ത്തിയാക്കുമെന്ന് ജിഎംആര്‍ ഇന്‍ഫ്രസ്ട്രക്ച്ചര്‍ അറിയിച്ചു. വിസ്താര ടാറ്റാ ഗ്രൂപ്പിന്‍റെ വിമാനക്കമ്പനിയാണ്.