ദില്ലി: എയര്‍ ഇന്ത്യയ്ക്കായി താല്‍പര്യപത്രം (ഇഒഐ) സമര്‍പ്പിച്ചവരുടെ കൂട്ടത്തില്‍ ടാറ്റാ സണ്‍സും ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍. പ്രമുഖ ദേശീയ മാധ്യമമായ ബിസിനസ് സ്റ്റാന്‍ഡേര്‍ഡാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. കമ്പനിക്കായി താല്‍പര്യ പത്രം സമര്‍പ്പിക്കാനായുളള അവസാന ദിവസമായ ഇന്ന് ടാറ്റാ സണ്‍സ് പ്രാഥമിക ബിഡ് സമര്‍പ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

” എയർ ഇന്ത്യയുടെ തന്ത്രപരമായ ഓഹരി വിറ്റഴിക്കലിന് ഒന്നിലധികം താൽപ്പര്യപത്രങ്ങൾ ലഭിച്ചു. ഇടപാട് ഇനി രണ്ടാം ഘട്ടത്തിലേക്ക് നീങ്ങും, ”നിക്ഷേപ പബ്ലിക് അസറ്റ് മാനേജ്മെന്റ് വകുപ്പ് (ദിപാം) സെക്രട്ടറി തുഹിൻ കാന്ത പാണ്ഡെ ട്വീറ്റ് ചെയ്തു.

എന്നാൽ, ലേലക്കാരുടെ ഐഡന്റിറ്റിയോ ദേശീയ വിമാനക്കമ്പനി വാങ്ങുന്നതിനായി ലഭിച്ച ബിഡ്ഡുകളുടെ എണ്ണമോ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. ടാറ്റാ ഒറ്റയ്ക്ക് ആണോ അതോ മറ്റ് ഏതെങ്കിലും എയർലൈനുകളുമായി ചേർന്നുളള കൺസോർഷ്യമായാണോ ലേലത്തിൽ പങ്കെ‌ടുക്കുകയെന്ന് വ്യക്തമല്ല. 

ബിഡ്ഡുകൾ യോഗ്യത നേടിയിട്ടുണ്ടെങ്കിൽ ജനുവരി 6 ന് മുമ്പ് അതാത് ലേലക്കാരെ അറിയിക്കും. ഇതിന് ശേഷം, യോഗ്യതയുള്ള ബിഡ്ഡർമാരോട് സാമ്പത്തിക ബിഡ്ഡുകൾ സമർപ്പിക്കാൻ ആവശ്യപ്പെടും.