ദില്ലി: കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ അലട്ടുന്ന ടെലികോം മേഖലയ്ക്ക് അടിയന്തരമായി ആശ്വാസ നടപടികള്‍ കൈക്കൊള്ളാന്‍ ധനകാര്യ മന്ത്രാലയം തയ്യാറാകണമെന്ന് കേന്ദ്ര ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ്.  ലൈസന്‍സ് ഫീസ്, ചരക്ക് സേവന നികുതി എന്നിവയില്‍ ടെലികോം കമ്പനികള്‍ക്കായി ഇളവുകള്‍ പ്രഖ്യാപിക്കണമെന്ന് രവി ശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടു. 

നിലവില്‍ ടെലികോം കമ്പനികള്‍ക്ക് നല്‍കാനുളള 36,000 കോടി രൂപയുടെ ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് ഭാവിയിലെ നികുതിയില്‍ നിന്ന് ഇളവ് ചെയ്ത് നല്‍കുന്ന സംവിധാനം അവതരിപ്പിക്കണമെന്നും നിര്‍ദ്ദേശിച്ചു. 

2016 -17 സാമ്പത്തിക വര്‍ഷത്തില്‍ മേഖലയുടെ മൊത്ത വരുമാനം 1.85 ലക്ഷം കോടി രൂപയായിരുന്നുവെങ്കില്‍ ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലത് 1.39 കോടി രൂപയിലേക്ക് താഴ്ന്നു. ടെലികോം മേഖലയുടെ വായ്പ ബാധ്യത എട്ട് ലക്ഷം കോടി രൂപയിലേക്ക് ഉയര്‍ന്നിട്ടുണ്ടെന്നും രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി.