എയർ ഇന്ത്യയിലുള്ള സിംഗപ്പൂർ എയർലൈൻസിന്റെ നിക്ഷേപങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് സിംഗപ്പൂർ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള നിക്ഷേപക കമ്പനിയായ ടെമാസെക്. രാഷ്ട്രീയ വിമർശനങ്ങൾക്കിടയിലും, ഇന്ത്യയുടെ വലിയ വ്യോമയാന വിപണി ലക്ഷ്യമിട്ടുള്ള തന്ത്രപരമായ നീക്കമാണിതെന്ന് ടെമാസെക് വ്യക്തമാക്കി.
എയർ ഇന്ത്യയിലുള്ള (Air India) സിംഗപ്പൂർ എയർലൈൻസിന്റെ നിക്ഷേപങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് സിംഗപ്പൂർ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ആഗോള നിക്ഷേപ കമ്പനിയായ ടെമാസെക് (Temasek). വൻനഷ്ടത്തിൽ ഓടുന്ന എയർ ഇന്ത്യയിലേക്ക് കൂടുതൽ തുക നിക്ഷേപിക്കുന്നതിനെ ചൊല്ലി സിംഗപ്പൂരിൽ രാഷ്ട്രീയ തലത്തിൽ വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് ടെമാസെകിന്റെ ഈ വിശദീകരണം.
ടാറ്റാ ഗ്രൂപ്പും സിംഗപ്പൂർ എയർലൈൻസും സംയുക്തമായി നടത്തുന്ന എയർ ഇന്ത്യ, വികസനപ്രവർത്തനങ്ങൾക്കായി 1.5 ബില്യൺ യു.എസ് ഡോളർ (ഏകദേശം 14,000 കോടി രൂപ) കൂടി നിക്ഷേപകരോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ വന്നിരുന്നു. നിലവിൽ എയർ ഇന്ത്യയിൽ സിംഗപ്പൂർ എയർലൈൻസിന് 25.1% ഓഹരി പങ്കാളിത്തമുണ്ട്. ബാക്കി 74.9% ടാറ്റാ സൺസിന്റെ പക്കലാണ്. സിംഗപ്പൂർ എയർലൈൻസിന്റെ പ്രധാന ഓഹരി ഉടമ ടെമാസെക് ആണ്.
ഈ സാഹചര്യം മുൻനിർത്തി സിംഗപ്പൂർ എം.പി കെന്നത്ത് തിയോങ് ബൂൺ കിയാറ്റ് ശക്തമായ എതിർപ്പുമായി രംഗത്തെത്തിയിരുന്നു. സിംഗപ്പൂരുകാർ എയർ ഇന്ത്യയെ സംരക്ഷിക്കാൻ ബാധ്യസ്ഥരല്ലെന്നും ടെമാസെകിന്റെ പണം ഉപയോഗിച്ച് എയർ ഇന്ത്യയെ താങ്ങിനിർത്തുന്നത് അംഗീകരിക്കാനാവില്ലെന്നും എന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. ഈ വിഷയത്തിൽ സെപ്റ്റംബർ 8-ന് നടക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ സിംഗപ്പൂർ ഗതാഗത മന്ത്രിയോട് അദ്ദേഹം ചോദ്യവും ഉന്നയിച്ചിട്ടുണ്ട്.
യു.എസും ചൈനയും കഴിഞ്ഞാൽ ലോകത്തിലെ മൂന്നാമത്തെ വലിയ വ്യോമയാന വിപണിയാണ് ഇന്ത്യ. സിംഗപ്പൂരിന് പുറത്ത് രണ്ടാമതൊരു വലിയ കേന്ദ്രം (Hub) സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സിംഗപ്പൂർ എയർലൈൻസ് ഇന്ത്യയിൽ നിക്ഷേപം നടത്തിയതെന്നായിരുന്നു ശനിയാഴ്ച പുറപ്പെടുവിച്ച പ്രസ്താവനയിൽ ടെമാസെക് വ്യക്തമാക്കിയത്.


