Asianet News MalayalamAsianet News Malayalam

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ, ട്രഷറി നിയന്ത്രണം തുടരും; കേന്ദ്രത്തെ പഴിചാരി ധനമന്ത്രി

കേന്ദ്രവിഹിതത്തിലുണ്ടായ കുറവും സാമ്പത്തികമാന്ദ്യവുമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ധനവകുപ്പിന്റെ വിശദീകരണം. 
 

thomas isaac criticize central government over financial crisis in kerala
Author
Thiruvananthapuram, First Published Nov 16, 2019, 2:31 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക നിയന്ത്രണം എത്രനാള്‍ നീണ്ടുനില്‍ക്കുമെന്ന് പറയാന്‍ കഴിയില്ലെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. കേന്ദ്രവിഹിതത്തിലുണ്ടായ കുറവും സാമ്പത്തികമാന്ദ്യവുമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ധനവകുപ്പിന്റെ വിശദീകരണം. 

സംസ്ഥാനത്തിന്റെ വായ്പാ പരിധി കേന്ദ്രം കുറച്ചു.  6400 കോടി രൂപ ഇങ്ങനെ കുറച്ചുവെന്നാണ് സംസ്ഥാന ധനവകുപ്പ് വ്യക്തമാക്കുന്നത്. കേന്ദ്രസമീപനം സാമ്പത്തികപ്രതിസന്ധി രൂക്ഷമാക്കിയെന്ന് ധനമന്ത്രി കഴിഞ്ഞ ദിവസം  നിയമസഭയില്‍വിശദീകരിച്ചിരുന്നു.

"ശമ്പളദിവസങ്ങള്‍ കഴിഞ്ഞിട്ട് കൂടുതല്‍ കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. കഴിഞ്ഞ മാസം 30ന് തരേണ്ടിയിരുന്ന ജിഎസ്‍ടി കോമ്പന്‍സേഷന്‍ 1600 കോടി രൂപ ഇതുവരെ സംസ്ഥാനത്തിന് കൈമാറാന്‍ കേന്ദ്രം തയ്യാറായിട്ടില്ല. കേന്ദ്രസര്‍ക്കാരിന്‍റെ പണമല്ല കോമ്പന്‍സേഷന്‍ പണമെന്ന് പറയുന്നത്. സെസ് ആയിട്ട് ഇവിടെ നിന്ന് പിരിച്ചെടുക്കുന്നതാണ്."- തോമസ് ഐസക് ഇന്ന് പറഞ്ഞു. 

സാമ്പത്തികമാന്ദ്യം മൂലവും സംസ്ഥാനത്തെ വരുമാനം ഗണ്യമായി ഇടിഞ്ഞു. അതിനാലാണ് കടുത്ത നടപടികളിലേക്ക് പോയത്. പദ്ധതി നിർവ്വഹണതുക നൽകുന്നതിനാണ് പ്രധാനമായ നിയന്ത്രണമെന്നാണ് ധനവകുപ്പിന്റെ വിശദീകരണം. നിയന്ത്രണം തുടരുന്നതിനാല്‍തദ്ദേശഭരണസ്ഥാപനങ്ങളുടെ പ്രവർത്തനം സ്തഭിക്കും. ഇപ്പോൾ ട്രഷറിയിൽ പണമില്ല.

എന്നാൽ അടുത്ത മാസം ക്രിസ്തുമസ് വരുന്നതിനാൽ ക്ഷേമപെൻഷനുൾപ്പടെ നൽകേണ്ടതുള്ളതിനാൽ അതിനുള്ള തയ്യാറെടുപ്പാണ് ഈ നിയന്ത്രണമെന്ന സൂചനയുമുണ്ട്. അതേസമയം, വികസനപ്രവർത്തനങ്ങൾ കിഫ്ബി വഴിയായതിനാൽ ട്രഷറി നിയന്ത്രണം ബാധിക്കില്ലെന്നാണ് ധനവകുപ്പ് വ്യക്തമാക്കുന്നത്.

Follow Us:
Download App:
  • android
  • ios