Asianet News MalayalamAsianet News Malayalam

അദാനിയുമായുള്ള വൈദ്യുതി ഇടപാട് പുനപരിശോധിക്കുമെന്ന് ബംഗ്ലാദേശ് സർക്കാർ; നൽകാനുള്ളത് 6000 കോടിയോളം

2017 നവംബറില്‍ ആണ് അദാനി പവര്‍ (ജാര്‍ഖണ്ഡ്) ലിമിറ്റഡ് (എപിജെഎല്‍) ബംഗ്ലാദേശ് പവര്‍ ഡെവലപ്മെന്‍റ് ബോര്‍ഡുമായി 25 വര്‍ഷത്തെ 1,496 മെഗാവാട്ട് വൈദ്യുതി വില്‍പന കരാറില്‍ ഒപ്പുവച്ചത്.

Top member of Dhaka interim govt says Adani power deal under scrutiny
Author
First Published Sep 12, 2024, 3:13 PM IST | Last Updated Sep 12, 2024, 3:13 PM IST

വൈദ്യുതി നല്‍കിയതിന്‍റെ കുടിശിക ആവശ്യപ്പെട്ടതിന് പിന്നാലെ അദാനി ഗ്രൂപ്പുമായുള്ള വൈദ്യുതി കരാര്‍ സൂക്ഷ്മമായി പരിശോധിക്കുകയാണെന്ന് മുഹമ്മദ് യൂനസിന്‍റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍. കരാറിലെ വ്യവസ്ഥകള്‍ പരിശോധിക്കുകയും വൈദ്യുതിക്ക് നല്‍കുന്ന വില ന്യായമാണോ എന്ന് അറിയുകയുമാണ് ഇത് വഴി ലക്ഷ്യമിടുന്നതെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍ വ്യക്തമാക്കി. ഏത് തരത്തിലുള്ള കരാറുകളാണ് ഒപ്പിട്ടത്?, നിബന്ധനകളും വ്യവസ്ഥകളും എന്തൊക്കെയാണ്? എന്നിവയും പരിശോധനയ്ക്ക് വിധേയമാക്കും.

2017 നവംബറില്‍ ആണ് അദാനി പവര്‍ (ജാര്‍ഖണ്ഡ്) ലിമിറ്റഡ് (എപിജെഎല്‍) ബംഗ്ലാദേശ് പവര്‍ ഡെവലപ്മെന്‍റ് ബോര്‍ഡുമായി 25 വര്‍ഷത്തെ 1,496 മെഗാവാട്ട് വൈദ്യുതി വില്‍പന കരാറില്‍ ഒപ്പുവച്ചത്. ഇതനുസരിച്ച് എജെപിഎല്ലിന്‍റെ ഗോദ്ദ പ്ലാന്‍റ് ഉല്‍പ്പാദിപ്പിക്കുന്ന 100 ശതമാനം വൈദ്യുതിയും ബംഗ്ലാദേശ് വാങ്ങും.  ഗോദ്ദ പ്ലാന്‍റ് ബംഗ്ലാദേശിന്‍റെ അടിസ്ഥാന ലോഡിന്‍റെ 7-10 ശതമാനം നല്‍കുന്നുണ്ട്. 2023-24 ല്‍, ഏകദേശം 7,508 ദശലക്ഷം യൂണിറ്റ് വൈദ്യുതി  ഇവിടെ നിന്ന് കയറ്റുമതി ചെയ്തു. കരാര്‍ പരിശോധിക്കുന്നതിനുള്ള ബംഗ്ലാദേശ് സര്‍ക്കാരിന്‍റെ നീക്കവുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് അറിവൊന്നും ഇല്ലെന്ന് അദാനി ഗ്രൂപ്പ് പ്രതികരിച്ചു.  ഭീമമായ കുടിശ്ശിക ഉണ്ടായിരുന്നിട്ടും തങ്ങള്‍ അവര്‍ക്ക് വൈദ്യുതി വിതരണം ചെയ്യുന്നത് തുടരുകയാണെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി. ഏതാണ്ട് ആറായിരം കോടി രൂപയോളമാണ് ബംഗ്ലാദേശ് അദാനി ഗ്രൂപ്പിന് നല്‍കാനുള്ളത്.

ബംഗ്ലാദേശ് പവര്‍ ഡെവലപ്മെന്‍റ് റിപ്പോര്‍ട്ടിന്‍റെ വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച്, 2022-23 കാലയളവില്‍ (ജൂലൈ-ജൂണ്‍) ബംഗ്ലദേശ് ഇന്ത്യന്‍ കമ്പനികളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന വൈദ്യുതിയുടെ ശരാശരി ചെലവ് യൂണിറ്റിന് 8.77 ബംഗ്ലാദേശി ടാക്കയാണ്. കമ്പനികള്‍ക്കനുസരിച്ച് ഈ നിരക്കുകളില്‍ വ്യത്യാസമുണ്ട്. എന്‍വിവിഎല്‍ ലിമിറ്റഡിന്‍റെ കാര്യത്തില്‍ ഇത് ഒരു യൂണിറ്റിന് 4.22-8.45 ബംഗ്ലാദേശി ടാക്ക ആണ്. പിടിസി ഇന്ത്യ ലിമിറ്റഡ് യൂണിറ്റിന് 9.05 ബംഗ്ലാദേശി ടാക്കയാണ് ഈടാക്കുന്നത്. സെംക്രോപ്പ് എനര്‍ജി ഇന്ത്യ 9.995 ബംഗ്ലാദേശി ടാക്ക ഓരോ യൂണിറ്റിനും ഈടാക്കുമ്പോള്‍ അദാനി ഗ്രൂപ്പ് യൂണിറ്റിന് 14.02 ബംഗ്ലാദേശി ടാക്കയാണ് വാങ്ങുന്നത്. ചെലവേറിയ വൈദ്യുതി അദാനി ഗ്രൂപ്പില്‍ നിന്ന വാങ്ങുന്നതിനെതിരെ നേരത്തെ തന്നെ ബംഗ്ലാദേശില്‍ പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios