തിരുവനന്തപുരം: ആഘോഷവേളകളില്‍ മദ്യവില്‍പനയുടെ റെക്കോര്‍ഡ് പുതുക്കുന്ന പതിവ് കേരളം ഇക്കുറിയും തെറ്റിച്ചില്ല. ഈ വര്‍ഷം ക്രിസ്മസ് ആഘോഷത്തിന്‍റെ കണക്കുകള്‍ പരിശോധിച്ചാല്‍ 69.57 കോടി രൂപയുടെ മദ്യമാണ് കേരളത്തില്‍ വിറ്റത്. 4.94 കോടി രൂപയുടെ വര്‍ധനയാണ് ഇക്കുറി രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേദിവസം 64.63 കോടി രൂപയുടെ മദ്യമാണ് ബെവ്കോ വഴി വിറ്റത്.

ഈ വര്‍ഷം നെടുമ്പാശ്ശേരിയിലെ ബെവ്കോ ഔട്ട്‍ലെറ്റിലാണ് ഏറ്റവും കൂടുതല്‍ മദ്യം വിറ്റുപോയത്. മദ്യവില്‍പ്പനയുടെ കാര്യത്തില്‍ കൊച്ചിയിലെ നെടുമ്പാശ്ശേരിയാണ് മുന്നിലെത്തിയതെങ്കില്‍ ബിയര്‍ വില്‍പ്പനയുടെ കാര്യത്തില്‍ തലസ്ഥാനത്തെ വിപണന കേന്ദ്രങ്ങളാണ് 'തലയെടുപ്പോടെ' മുന്നിലെത്തിയത്. തിരുവനന്തപുരം സ്റ്റാച്യു ജംഗ്ഷനിലെ കണ്‍സ്യൂമര്‍ ഫെഡിന്‍റെ ബിയര്‍ പാര്‍ലറാണ് മുന്നിലെത്തിയത്. ഇവിടെ പത്ത് ലക്ഷം രൂപയുടെ ബിയര്‍ വിറ്റു. കോവളത്തെ പാര്‍ലറില്‍ 7 ലക്ഷത്തിനും കലൂരിലെ പാര്‍ലറില്‍ 3 ലക്ഷം രൂപയ്ക്കും ബിയര്‍ വില്‍ക്കപ്പെട്ടു.

മദ്യവില്‍പ്പനയുടെ കാര്യത്തില്‍  63.28 ലക്ഷം രൂപയുടെ വില്‍പനയാണ് ക്രിസ്മസ് തലേന്ന് നെടുമ്പാശ്ശേരിയില്‍ മാത്രം നടന്നത്. മുന്‍വര്‍ഷം ഇത് 51.30 ലക്ഷമായിരുന്നു. ബെവ്കോയുടെ ഇരിങ്ങാലക്കുട ഔട്ട്‍ലെറ്റാണ് മദ്യവില്‍പനയില്‍ രണ്ടാമതെത്തിയത്. 53.74 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്. കഴിഞ്ഞ വര്‍ഷം 51.23 ലക്ഷത്തിന്‍റെ മദ്യം ഇവിടെ വിറ്റിരുന്നു. സംസ്ഥാനത്താകെ 270 ഔട്ട്ലെറ്റുകളാണ് ബെവ്കോയ്ക്കുള്ളത്. 

കണ്‍സ്യൂമര്‍ഫെഡ്  ക്രിസ്‍മസ് തലേന്ന് 9.46 കോടി രൂപയുടെ മദ്യം വിറ്റു. കഴിഞ്ഞ വര്‍ഷം 8.26 കോടി രൂപയുടെ മദ്യം വിറ്റ സ്ഥാനത്താണിത്. കൗണ്‍സ്യമൂര്‍ ഫെഡിന്‍റെ മദ്യവില്‍പന ഈ വര്‍ഷം 15 ശതമാനം വര്‍ധിച്ചു. സംസ്ഥാനതലത്തില്‍ ഏറ്റവും കൂടുതല്‍ മദ്യം വിറ്റ കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പനകേന്ദ്രം കൊടുങ്ങല്ലൂരിലേതാണ്. 56 ലക്ഷം. കഴിഞ്ഞ വര്‍ഷം ഇവിടെ 44 ലക്ഷം രൂപയുടെ മദ്യമായിരുന്നു വിറ്റത്.  വില്‍പനയില്‍ രണ്ടാം സ്ഥാനത്ത് ആലപ്പുഴ കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‍ലെറ്റാണ്. 55 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്. കഴിഞ്ഞ വര്‍ഷം 35 ലക്ഷം രൂപയുടെ മദ്യമായിരുന്നു ഇവിടെ വിറ്റത്.