ട്രംപിന്‍റെ ഈ പ്രഖ്യാപനത്തിന് മുമ്പ്, ചൈന തങ്ങളുടെ രാജ്യത്ത് അമേരിക്കന്‍ സിനിമകള്‍ക്ക് നിശ്ചയിച്ചിട്ടുള്ള ക്വാട്ട വെട്ടിക്കുറച്ചിരുന്നു

വിദേശത്ത് നിര്‍മിച്ച് അമേരിക്കയില്‍ പ്രദര്‍ശിപ്പിക്കുന്ന എല്ലാ സിനിമകള്‍ക്കും 100 ശതമാനം തീരുവ പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. മറ്റ് രാജ്യങ്ങള്‍ ഹോളിവുഡിനെ കുറച്ചുകാണുകയും സിനിമയെ പ്രചാരണത്തിനുള്ള മാര്‍ഗമായി ഉപയോഗിക്കുകയും ചെയ്യുന്നുവെന്ന് യുഎസ് പ്രസിഡന്‍റ് ആരോപിച്ചു. അമേരിക്കയിലെ ചലച്ചിത്ര വ്യവസായം വളരെ വേഗത്തില്‍ മരിക്കുകയാണെന്നും യുഎസിലെ ചലച്ചിത്ര നിര്‍മ്മാതാക്കളെയും സ്റ്റുഡിയോകളെയും അമേരിക്കയില്‍ നിന്ന് അകറ്റാന്‍ മറ്റ് രാജ്യങ്ങള്‍ എല്ലാത്തരം പ്രോത്സാഹനങ്ങളും നല്‍കുന്നുവെന്നും ട്രംപ് കുറ്റപ്പെടുത്തി. ഹോളിവുഡും അമേരിക്കയിലെ മറ്റ് പല മേഖലകളും നശിപ്പിക്കപ്പെടുകയാണ്. ഇത് മറ്റ് രാജ്യങ്ങളുടെ സംഘടിത ശ്രമമാണ്, അതിനാല്‍ ഇത് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ട്രംപ് പറഞ്ഞു. വിദേശ രാജ്യങ്ങളില്‍ നിര്‍മ്മിച്ച് യുഎസില്‍ പ്രദര്‍ശിപ്പിക്കുന്ന എല്ലാ സിനിമകള്‍ക്കും 100 ശതമാനം താരിഫ് ചുമത്തുന്ന പ്രക്രിയ ഉടന്‍ ആരംഭിക്കാന്‍ വാണിജ്യ വകുപ്പിനും യുണൈറ്റഡ് സ്റ്റേറ്റ്സ് ട്രേഡ് പ്രതിനിധിക്കും അധികാരം നല്‍കുന്നുവെന്ന് ട്രംപ് തന്‍റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്തില്‍ കുറിച്ചു. അമേരിക്കയില്‍ വീണ്ടും സിനിമകള്‍ നിര്‍മ്മിക്കണമെന്ന് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

ഹോളിവുഡ് സ്റ്റുഡിയോകളെ ബാധിക്കും

ട്രംപിന്‍റെ നയം വന്‍കിട യുഎസ് സിനിമാ കമ്പനികളെ നേരിട്ട് ബാധിക്കും. വാള്‍ട്ട് ഡിസ്നി, പാരാമൗണ്ട് ഗ്ലോബല്‍, വാര്‍ണര്‍ ബ്രദേഴ്സ് ഡിസ്കവറി തുടങ്ങിയ കമ്പനികള്‍ കോവിഡിന് ശേഷം സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ഈ സാഹചര്യത്തില്‍, വിദേശ സിനിമകള്‍ക്ക് 100 ശതമാനം താരിഫ് ചുമത്തുന്നത് അന്താരാഷ്ട്ര സഹകരണം, വിതരണം, വരുമാനം എന്നിവയില്‍ ആഴത്തിലുള്ള സ്വാധീനം ചെലുത്തും.

ഹോളിവുഡും ചൈനയും തമ്മില്‍ കടുത്ത മത്സരം

ട്രംപിന്‍റെ ഈ പ്രഖ്യാപനത്തിന് മുമ്പ്, ചൈന തങ്ങളുടെ രാജ്യത്ത് അമേരിക്കന്‍ സിനിമകള്‍ക്ക് നിശ്ചയിച്ചിട്ടുള്ള ക്വാട്ട വെട്ടിക്കുറച്ചിരുന്നു. താരിഫ് ദുരുപയോഗം ചെയ്യുന്നത് ചൈനീസ് പ്രേക്ഷകര്‍ക്കിടയില്‍ അമേരിക്കന്‍ സിനിമകളുടെ ജനപ്രീതി കുറയ്ക്കുമെന്ന് ചൈനയുടെ ഫിലിം അഡ്മിനിസ്ട്രേഷന്‍ പറഞ്ഞു.അമേരിക്ക കഴിഞ്ഞാല്‍ ലോകത്തിലെ രണ്ടാമത്തെ വലിയ സിനിമാ വിപണിയാണ് ചൈന