വാഷിങ്ടണ്‍: കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ചര്‍ച്ചയില്‍ പ്രശ്നപരിഹാരം ഉണ്ടാകാത്തതിനെ തുടര്‍ന്ന് വ്യാപാര യുദ്ധം ഉടനെ അവസാനിക്കാനുളള സാധ്യതകള്‍ക്ക് മങ്ങലേറ്റു. അമേരിക്ക നിലപാടുകളില്‍ നിന്ന് അണുവിട മാറാന്‍ തയ്യാറാകാത്തതാണ് പ്രശ്നപരിഹരിക്കാനുളള സാധ്യത ഇല്ലാതാക്കുന്നതെന്നാണ് ചൈനയുടെ ആരോപണം. 

പ്രതിനിധിതല ചര്‍ച്ചകളില്‍ പ്രശ്നപരിഹാര ഉണ്ടാകാത്തതിനെ തുടര്‍ന്ന് ഇരു സാമ്പത്തിക ശക്തികളുടെയും പ്രസിഡന്‍റുമാര്‍ തമ്മിലുളള കൂടിക്കാഴ്ചയുടെ സാധ്യതകളെപ്പറ്റിയായി രാജ്യാന്തര ഇടങ്ങളില്‍ ചര്‍ച്ച. ചൈനയുടെയും യുഎസിന്‍റെയും രാഷ്ട്ര തലവന്മാര്‍ ജൂണ്‍ അവസാനം ജപ്പാനില്‍ നടക്കുന്ന ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.  

എന്നാല്‍, ഉച്ചകോടിയില്‍ ഇവര്‍ തമ്മില്‍ കൂടിക്കാഴ്ച്ച ഉണ്ടാകുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഉച്ചകോടിയില്‍ വച്ച് ഇരു നേതാക്കളെ തമ്മില്‍ ചര്‍ച്ച നടക്കാനുളള സാധ്യതയെ അമേരിക്കയും ചൈനയും പൂര്‍ണമായും തള്ളിക്കളയുന്നില്ല. ജപ്പാനിലെ ഒസാക്കയില്‍ ജൂണ്‍ 28-29 തീയതികളിലാണ് ജി- 20 ഉച്ചകോടി. ട്രംപും ഷിയും തമ്മില്‍ നേരിട്ട് ചര്‍ച്ചയുണ്ടായാല്‍ വ്യാപാര യുദ്ധം അവസാനിക്കാനുളള സാധ്യതകള്‍ കൂടുതലാണെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിഗമനം.