F77 ഇപ്പോൾ ജർമ്മനി, ഫ്രാൻസ്, യു.കെ, അയർലണ്ട്, ഓസ്ട്രിയ, ഇറ്റലി, സ്വിറ്റ്സർലൻഡ്, ബെൽജിയം, നെത‍‍ർലൻഡ്സ്, ലക്സംബർഗ് എന്നിവിടങ്ങളിൽ വാങ്ങാം.

ഫ്രാൻസിലെ പാരീസ് നഗരത്തിലെ ഐതിഹാസികമായ ഐഫൽ ടവറിന് മുന്നിൽ ഇന്ത്യയുടെ എൻജിനീയറിങ് കരുത്തിന്റെ പ്രതീകമായി അൾട്രാവയലെറ്റ് F77 MACH 2, F77 SuperStreet മോട്ടോർസൈക്കിളുകൾ എത്തി. ഇതോടെ യൂറോപ്പിലേക്കുള്ള അൾട്രാവയലെറ്റിന്റെ ചുവടുവെപ്പിനും തുടക്കമായി.

ജർമ്മനിയിൽ തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ചതിന് പിന്നാലെയാണ് അൾട്രാവയലെറ്റ് പാരീസിലും ഫ്ലാഗ്ഷിപ്പ് മോഡലുകളുമായി എത്തിയത്. ഇതോടെ ആഗോള ഇ.വി മേഖലയിൽ ശ്രദ്ധേയമായ ബ്രാൻഡ് ആകാനും, കരുത്തുറ്റ നിക്ഷേപക വിശ്വാസ്യതയും ഇന്ത്യയുടെ വൈദഗ്ധ്യത്തിൽ അധിഷ്ഠിതമായ വികസന-നിർമ്മാണ വൈഭവം ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനുമുള്ള അൾട്രാവയലെറ്റിന്റെ ഉദ്യമങ്ങൾക്ക് കൂടെ വേഗത കൂടുകയാണ്.

തികഞ്ഞ റേസിങ് മെഷീനായ F77 MACH 2 അതിന്റെ അഗ്രസീവ് സ്വഭാവവും വ്യത്യസ്തമായ റൈഡ് അനുഭവവും കൊണ്ടാണ് വേറിട്ടു നിൽക്കുന്നത്. അതേ സമയം F77 SuperStreet നിവർന്ന നിൽപ്പും ആയാസകരമായ എർഗണോമിക്സും കൊണ്ടാണ് ശ്രദ്ധയാകർഷിക്കുക. ഒപ്പം സുഖപ്രദമായ യാത്ര ഉറപ്പാക്കുമ്പോൾ തന്നെ റൈഡിന്റെ ത്രില്ലും നിലനിർത്തുന്നു.

ഇന്ത്യയുടെ ഓട്ടോമൊബൈൽ രംഗത്ത് ശ്രദ്ധേയമായ നാഴികക്കല്ലാണ് യൂറോപ്യൻ രാജ്യങ്ങളിൽ F77 അവതരിപ്പിച്ചതെന്ന് അൾട്രാവയലെറ്റ് സി.ഇ.ഒയും സഹ-സ്ഥാപകനുമായ നാരായൺ സുബ്രഹ്മണ്യം പറഞ്ഞു. ജർമ്മനി, ഫ്രാൻസ്, യു.കെ എന്നീ രാജ്യങ്ങൾക്കൊപ്പം മറ്റു യൂറോപ്യൻ രാജ്യങ്ങളിലും അൾട്രാവയലെറ്റ് ലഭ്യമാകും. ഇലക്ട്രിക് മൊബൈലിറ്റി വിപ്ലവത്തിൽ ആഗോളതലത്തിൽ വരാൻ പോകുന്ന മാറ്റത്തിന്റെ മുന്നിലാകും അൾട്രാവയലെറ്റ് എന്നതിന്റെ തെളിവാണ് ഈ ലോഞ്ച് എന്നും അദ്ദേഹം പറഞ്ഞു.

“ഒരു ഇന്ത്യൻ കമ്പനി എന്ന നിലയിൽ ഭാവിയെ പ്രതിനിധീകരിക്കുന്ന ഡിസൈനും അത്യാധുനിക സാങ്കേതികവിദ്യയും ലോകത്തിന് നൽകാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. ഇന്ത്യയിലെ എൻജിനീയറിങ്, നിർമ്മാണ ആവാസവ്യവസ്ഥയ്ക്ക് ലഭിച്ച അംഗീകാരം കൂടെയാണിത്. വളരെ തന്ത്രപരമായ വിതരണ പങ്കാളിത്തങ്ങളിലൂടെ യൂറോപ്പിൽ വാഹന വിൽപ്പന മാത്രമല്ല ലോകോത്തര നിലവാരത്തിലുള്ള ഓണർഷിപ്പ് അനുഭവവും നൽകാനാകും. ഇത് ഇന്ത്യയ്ക്ക് നൽകാനാകുന്ന ഏറ്റവും മികച്ച സേവനങ്ങളുടെ ഉദാഹരണം കൂടെയാകും.” - നാരായൺ സുബ്രഹ്മണ്യം കൂട്ടിച്ചേർത്തു.

F77 ഇലക്ട്രിക് പെർഫോമൻസിന്റെ പുതിയ തലമാണ്. 0-60 കിലോമീറ്റർ വേഗതയിൽ എത്താൻ വെറും 2.8 സെക്കന്റുകൾ മതി. 10.3 kWh ബാറ്ററി പാക്കിലാണ് മോട്ടോർസൈക്കിൾ പ്രവർത്തിക്കുക, പരമാവധി പവർ ഔട്ട്പുട്ട് 30 kW, ടോർക് 100 Nm - ഇത് അതിവേഗം ആക്സിലറേഷൻ, എളുപ്പത്തിൽ ഹാൻഡിലിങ് എന്നിവയ്ക്ക് ഒപ്പം ഏറ്റവും ഉയർന്ന വേഗതയായ 155 km/h അനായാസം കൈവരിക്കാൻ കഴിയുന്ന തലത്തിൽ മോട്ടോ‍ർസൈക്കിളിനെ മാറ്റുന്നു.

ഏറ്റവും നവീനമായ സാങ്കേതികവിദ്യകളാണ് മോട്ടോർസൈക്കിളിന്റെ പ്രത്യേകത. ഇതിൽ കമ്പനിയുടെ സ്വന്തം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനമായ Violette A.I കൂടെ ഉൾപ്പെടുന്നു. മാത്രമല്ല switchable Dual-Channel ABS സംവിധാനം ഉണ്ട്. ഇത് വികസിപ്പിച്ചത് ബോഷ് ആണ്. പത്ത് ലെവലുകളിലുള്ള Regenerative Braking, 4 ലെവലുകളിൽ Traction Control, Dynamic Stability Control എന്നിവ സുരക്ഷയും പെർഫോമൻസും ഉറപ്പാക്കുന്നു.

“ഇത് ഒരു പുതിയ വിപണിയിലേക്ക് മോട്ടോർസൈക്കിളുകൾ അവതരിപ്പിക്കുന്ന പരിപാടിയല്ല. ഇത് ഇന്ത്യയിൽ വർഷങ്ങൾ നീണ്ട ഗവേഷണവും എൻജിനീയറിങ്ങും പുതിയ കണ്ടുപിടിത്തങ്ങളും ലോകത്തിനായി പരിചയപ്പെടുത്തുകയാണ്. ലോകത്തിലെ ഏറ്റവും അത്യാധുനികമായ ഇലക്ട്രിക് മോട്ടോർസൈക്കിൾ നിർമ്മിക്കാനായിരുന്നു ഞങ്ങളുടെ അഭിലാഷം. ഇന്ന് ആ സ്വപ്നം ഞങ്ങൾ അന്താരാഷ്ട്ര ഉപയോക്താക്കൾക്ക് യാഥാർത്ഥ്യമായി കൈമാറുന്നു. F77 കഠിനമായ ഗവേഷണവും ടെസ്റ്റിങ്ങും പെർഫോമൻസിന്റെ പരിധികൾ വരെ മറികടന്നുള്ള ശ്രമങ്ങളും നവീനതയും സുരക്ഷയും ഡിസൈനും എല്ലാം ചേർന്നതാണ്. ഇന്ത്യയെ സംബന്ധിച്ച് ഇത് ആഗോളതലത്തിൽ ഇ.വി മേഖലയിൽ പങ്കാളികളാകുക എന്നതിനേക്കാൾ ഏറ്റവും ഉയർന്ന സാങ്കേതികവിദ്യാതലത്തിൽ മത്സരിക്കാൻ അവസരം ലഭിച്ചു എന്നത് കൂടെയാണ്."