പുസ്തകങ്ങള്‍ ബാങ്കിന്‍റെ ഉപഭോക്താക്കള്‍ക്കും സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും ലൈബ്രറികള്‍ക്കും വിതരണം ചെയ്യുമെന്നാണ് ബാങ്ക് അറിയിച്ചിരുന്നത്.
ഒരു പുസ്തകം വാങ്ങാന്‍ തീരുമാനിച്ചതിന്‍റെ പേരില്‍ പുലിവാല് പിടിച്ചിരിക്കുകയാണ് പൊതുമേഖലാ ബാങ്കായ യൂണിയന്‍ ബാങ്ക്...പക്ഷെ എത്ര തുകയ്ക്കാണ് പുസ്തകം വാങ്ങിയത്...? ആരാണ് ഗ്രന്ഥകര്‍ത്താവ്..? എന്നൊക്കെ അറിയുമ്പോഴാണ് എന്തോ ചീഞ്ഞുനാറുന്നില്ലേയെന്ന് എന്ന് സംശയം തോന്നുക. ഒന്നും രണ്ടുമല്ല ഏതാണ്ട് 7.25 കോടി രൂപയ്ക്കാണ് ഒരു പുസ്തകം വാങ്ങാന്‍ യൂണിയന്‍ ബാങ്ക് തീരുമാനിച്ചത്. പുസ്തകം എഴുതിയതാകട്ടെ കേന്ദ്ര സര്‍ക്കാരിന്‍റെ മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവും കഴിഞ്ഞ ദിവസം ഇന്ത്യ പിന്‍വലിച്ച ഐഎംഎഫിലെ പ്രതിനിധിയുമായ കെ.വി. സുബ്രഹ്മണ്യവും.
വിവാദം വന്ന വഴി
ഏകദേശം 7.25 കോടി രൂപയ്ക്കാണ് സുബ്രഹ്മണ്യം എഴുതിയ 'ഇന്ത്യ@100 : എന്‍വിഷനിംഗ് ടുമോറോസ് ഇകണോമിക് പവര്‍ഹൗസ്' എന്ന പുസ്തകത്തിന്‍റെ രണ്ട് ലക്ഷം കോപ്പികള്‍ വാങ്ങാന്‍ ബാങ്ക് തീരുമാനിച്ചത്. പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് മുമ്പുതന്നെ അത് വാങ്ങാനുള്ള തീരുമാനം ബാങ്ക് എടുത്തിരുന്നു. ഈ പുസ്തകങ്ങള്‍ ബാങ്കിന്‍റെ ഉപഭോക്താക്കള്‍ക്കും സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും ലൈബ്രറികള്‍ക്കും വിതരണം ചെയ്യുമെന്നാണ് ബാങ്ക് അറിയിച്ചിരുന്നത്.
യൂണിയന്‍ ബാങ്ക് ഈ പുസ്തകത്തിന്‍റെ 1,89,450 പേപ്പര്‍ബാക്ക് കോപ്പികളും 10,422 ഹാര്‍ഡ് കവര്‍ കോപ്പികളും വാങ്ങി. പേപ്പര്‍ബാക്കിന്‍റെ വില 350 രൂപയും ഹാര്‍ഡ് കവറിന്‍റെ വില 597 രൂപയുമായിരുന്നു. ഇതിനായി ആകെ 7.25 കോടി രൂപ ചെലവഴിച്ചു. 2024 ഓഗസ്റ്റില്‍ പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് 2024 ജൂണ്‍, ജൂലൈ മാസങ്ങളിലാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. വാങ്ങാനുള്ള തീരുമാനത്തെക്കുറിച്ച് ബാങ്കിന്‍റെ കേന്ദ്ര ഓഫീസ് 18 സോണല്‍ മേധാവികള്‍ക്ക് ഒരു കത്ത് എഴുതി. ബാങ്കിന്‍റെ ഉന്നത മാനേജ്മെന്‍റാണ് ഈ തീരുമാനം എടുത്തതെന്ന് കത്തില്‍ പറയുന്നു. ഉപഭോക്താക്കള്‍, കോര്‍പ്പറേറ്റുകള്‍, സ്കൂളുകള്‍, കോളേജുകള്‍, ലൈബ്രറികള്‍ എന്നിവയ്ക്കിടയില്‍ പുസ്തകങ്ങള്‍ വിതരണം ചെയ്യാനും ഉത്തരവിട്ടു. സോണല്‍ ഓഫീസുകള്‍ക്ക് ഈ പുസ്തകങ്ങള്‍ അവരുടെ റീജിയണല്‍ ഓഫീസുകളില്‍ വിതരണം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കി.
ഈ വാങ്ങലിനുള്ള 50% മുന്‍കൂര്‍ പേയ്മെന്‍റ് (ഏകദേശം 3.5 കോടി രൂപ) ഇതിനകം പ്രസാധകന് നല്‍കിയിരുന്നു. ബാക്കി തുക വിവിധ റീജിയണല്‍ ഓഫീസുകള്‍ അവരുടെ ബജറ്റില്‍ നിന്ന് നല്‍കേണ്ടതായിരുന്നു. 2024 ഡിസംബറില്‍ ബാങ്കിന്‍റെ ബോര്‍ഡ് യോഗത്തില്‍ ഈ ചെലവ് അംഗീകാരത്തിനായി കൊണ്ടുവന്നപ്പോള്‍, വിവാദം ആരംഭിച്ചു. ഈ വാങ്ങലിനെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് ബാങ്കിന്‍റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ നിതേഷ് രഞ്ജന്‍ പറഞ്ഞു. ഈ ചെലവ് അംഗീകരിക്കാന്‍ അദ്ദേഹം വിസമ്മതിച്ചു. സപ്പോര്‍ട്ട് സര്‍വീസസ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ ജനറല്‍ മാനേജര്‍ ഗിരിജ മിശ്ര എങ്ങനെയാണ് അനുമതിയില്ലാതെ ഈ പണം നല്‍കിയതെന്ന് ബോര്‍ഡ് ചോദ്യം ഉന്നയിച്ചു. ഇതേ തുടര്‍ന്ന് 2024 ഡിസംബര്‍ 26-ന് മിശ്രയെ സസ്പെന്‍ഡ് ചെയ്തു.
സുബ്രഹ്മണ്യത്തിനും തിരിച്ചടി
2018 മുതല്‍ 2021 വരെ ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സ്ഥാനം സുബ്രഹ്മണ്യന്‍ വഹിച്ചിരുന്നു. പിന്നീട് അദ്ദേഹം അന്താരാഷ്ട്ര നാണയ നിധിയില്‍ ഇന്ത്യയുടെ പ്രതിനിധിയായിരുന്നു. എന്നാല്‍ കഴിഞ്ഞ ആഴ്ച സര്‍ക്കാര്‍ അദ്ദേഹത്തെ പിന്‍വലിച്ചു. പുസ്തകത്തിന്‍റെ പ്രചാരണത്തില്‍ നടന്നതായി ആരോപിക്കപ്പെടുന്ന ക്രമക്കേടുകളാണ് ഇതിന് കാരണമെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.


