ദില്ലി: രാജ്യത്തെ വ്യവസായ-വാണിജ്യ രംഗത്തിന് കരുത്തേകാനുള്ള ലക്ഷ്യം തന്നെയാണ് കേന്ദ്ര ബജറ്റ് 2020 ലെ നിര്‍ദ്ദേശങ്ങളിൽ ധനമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. കയറ്റുമതിയെ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള നിര്‍ദ്ദേശങ്ങളാണ് ബജറ്റിലുള്ളത്. ഇതിനായി രാജ്യത്തെ എല്ലാ ജില്ലകളും കയറ്റുമതി ഹബ്ബാക്കും എന്ന് ധനമന്ത്രി വ്യക്തമാക്കി.

സരസ്വതി-സിന്ധു നദീതട സംസ്കാരങ്ങളുമായി ബന്ധപ്പെട്ട ചരിത്രത്തിൽ, വാണിജ്യ രംഗത്ത് ഇന്ത്യ എന്നും മുന്നിൽ നിന്നിരുന്നു എന്ന് തെളിയിക്കുന്നതായി ധനമന്ത്രി പറഞ്ഞു. കടൽ കടന്ന കച്ചവടബന്ധങ്ങൾ ഇന്ത്യയുടെ അഭിമാനമാണെന്നും ധനമന്ത്രി പറഞ്ഞു. എന്നാൽ ധനമന്ത്രിയുടെ പ്രസംഗത്തിൽ അനാവശ്യമായ കാര്യങ്ങളാണ് പറയുന്നതെന്നാരോപിച്ച് പ്രതിപക്ഷ എംപിമാര്‍ രംഗത്തെത്തി. കാര്യം പറയൂ എന്ന് ഇവര്‍ ആക്രോശിച്ചു.

അഞ്ച് നിക്ഷേപ സൗഹൃദ സ്മാര്‍ട്ട്സിറ്റികൾ പിപിപി മാതൃകയിൽ വികസിപ്പിക്കാൻ താത്പര്യപ്പെടുന്നതായി ധനമന്ത്രി പറഞ്ഞ‌ു. ഇലക്ട്രോണിക്സ് നിർമാണ മേഖലയുമായി ബന്ധപ്പെട്ട് രാജ്യത്ത് തദ്ദേശീയമായി നിർമാണമേഖല വളരേണ്ടതുണ്ടെന്ന് ധനമന്ത്രി പറഞ്ഞു. മൊബൈൽ ഫോണുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ നിർമിക്കാൻ പുതിയ നയം കൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കിയ

കയറ്റുമതിക്ക് കൂടുതൽ സഹായം വാഗ്ദാനം ചെയ്യുന്നതാണ് ബജറ്റ്. കയറ്റുമതിക്കാര്‍ക്ക് ഡിജിറ്റൽ റീഫണ്ട് ലഭിക്കുന്നതിനുള്ള പദ്ധതി ഈ വര്‍ഷം തന്നെ നടപ്പിലാക്കും. സര്‍ക്കാരിന്റെ ഇ മാര്‍ക്കറ്റ് പ്ലേസുകൾ തുടങ്ങുമെന്നും സംഭരണത്തിനുള്ള ഒറ്റ പ്ലാറ്റ്ഫോമാക്കി ഇതിനെ വികസിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. 27300 കോടിയാണ് വ്യവസായ -  വാണിജ്യ രംഗത്തിന് നീക്കിവച്ചിരിക്കുന്നത്.