ദില്ലി: രണ്ടാം മോദി സര്‍ക്കാരിന്‍റെ രണ്ടാം ബജറ്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ആരോഗ്യമേഖലയ്ക്ക് പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രി ജൻ ആരോഗ്യ പദ്ധതിക്ക് 69000 കോടിയാണ് അനുവദിച്ചിരിക്കുന്നത്. ആധുനിക കാലത്ത് ഏവരെയും അലട്ടുന്ന ജീവിതശൈലി രോഗങ്ങളെ തുരത്താനുള്ള പരിശ്രമങ്ങളും ബജറ്റിലൂടെ ധനമന്ത്രി നടത്തിയിട്ടുണ്ട്. ജീവിതശൈലി രോഗങ്ങള്‍ മിഷന്‍ ഇന്ദ്രധനുഷില്‍ ഉള്‍പ്പെടുത്തി. ജീവിതശൈലി രോഗങ്ങളടക്കം 12 രോഗങ്ങള്‍ കൂടി പുതുതായി മിഷന്‍ ഇന്ദ്രധനുഷില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ക്ഷയരോഗം 2025 ഓടെ നിർമ്മാർജ്ജനം ചെയ്യുമെന്ന് ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചു. അതിനുവേണ്ടിയുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാരെന്നും അവര്‍ വ്യക്തമാക്കി. ആയുഷ്മാൻ ഭാരത് പദ്ധതിയിലുൾപ്പെടുത്തി 112 ജില്ലകളിൽ എം പാനൽഡ് ആശുപത്രികൾ സ്ഥാപിക്കുമെന്നതാണ് ആരോഗ്യമേഖലയിലെ മറ്റൊരു ശ്രദ്ധേയമായ പ്രഖ്യാപനം.

മെഡിക്കൽ ഉപകരണങ്ങളുടെ നികുതി ആശുപത്രികളുടെ വികസനത്തിന് വിനിയോഗിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. സ്വച്ചഭാരത് അഭിയാൻ പദ്ധതിക്ക് 12300 കോടി രൂപയും  ജൽജീവൻ പദ്ധതിക്ക് 3.06 ലക്ഷം കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

ആരോഗ്യമേഖലയിലെ പ്രധാന പ്രഖ്യാപനങ്ങള്‍

- മിഷൻ ഇന്ദ്രധനുഷ്, ഫിറ്റ് ഇന്ത്യ ചാലഞ്ച്, ജൽ ജീവൻ മിഷൻ, സ്വച്ഛ്ഭാരത്
- പി എം ജൻ ആരോഗ്യയോജന - കൂടുതൽ എം പാനൽഡ് ആശുപത്രികളെ ചേർക്കും
- പിപിപി മോഡലിൽ എം പാനൽഡ് ആശുപത്രികൾ നിർമിക്കും
- ഇതിനായി 112 ജില്ലകൾ ആദ്യഘട്ടത്തിൽ കണ്ടെത്തി
- മെഡിക്കൽ ഉപകരണങ്ങൾക്കുള്ള നികുതിപ്പണം ഇതിനായി ഉപയോഗിക്കും
- ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ആയുഷ്മാൻ ഭാരതിൽ ഉപയോഗിക്കും
- ടിബി ഹാരേഗാ, ദേശ് ജീതേഗാ - പദ്ധതിക്ക് കൂടുതൽ പണം. 2025-ൽ ടിബി വിമുക്തമാക്കും രാജ്യത്തെ
- ജൻ ഔഷധി കേന്ദ്രങ്ങൾ കൂടുതൽ തുടങ്ങും. 2000 മരുന്നുകളും, 300 സർജിക്കൽ ഉപകരണങ്ങളും ഇവിടെ വിലക്കുറവിൽ കിട്ടും.
- 69000 കോടി രൂപ ആരോഗ്യമേഖലയ്ക്ക് വകയിരുത്തി