ദില്ലി: കേന്ദ്ര ബജറ്റില്‍ വിദേശ മദ്യത്തിന്റെ ഇറക്കുമതി തീരുവ ഉയർത്താൻ നിർദ്ദേശമില്ലെന്ന് റിപ്പോര്‍ട്ടുകള്‍, എയർപോർട്ട് ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ നിന്ന് മദ്യം വാങ്ങുന്നത് പരിമിതപ്പെടുന്നതാന്‍ സർക്കാർ പദ്ധതിയിടുന്നതായുളള വാർത്തകൾ പുറത്തുവന്ന് ദിവസങ്ങള്‍ക്കകമാണ് പുതിയ സൂചനകള്‍. 

ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ നിന്ന് സിഗരറ്റ് കാര്‍ട്ടോണ്‍സ് നിരോധിക്കാനുളള നടപടികള്‍ സ്വീകരിക്കണമെന്ന് വാണിജ്യ വകുപ്പ് ധനമന്ത്രാലയത്തിന് നിർദ്ദേശം നൽകിയതായും റിപ്പോര്‍ട്ടുകളുണ്ട്. നിരോധനത്തിന് തുല്യമായ അമിത നികുതി നിരക്കിലൂടെയോ നിരോധന പ്രഖ്യാപനമായോ ഇത് പ്രതീക്ഷിക്കാമെന്നാണ് കണക്കാക്കുന്നത്. 

അവശ്യമല്ലാത്ത വസ്തുക്കളുടെ ഇറക്കുമതി തടയുന്നതിനാണ് ഈ നീക്കമെന്ന് അധികൃതർ പറയുന്നു, എന്നാൽ വലിയ തോതിലുള്ള ഇറക്കുമതി തീരുവ വർധന ഇപ്പോൾ ആസൂത്രണം ചെയ്തിട്ടില്ല. പകരം, കളിപ്പാട്ടങ്ങൾ, പ്ലാസ്റ്റിക് വസ്തുക്കൾ, കായിക ഇനങ്ങൾ, ഫർണിച്ചറുകൾ തുടങ്ങി 371 ഇനങ്ങളെ “അനിവാര്യമല്ലാത്തവ” എന്ന് തരംതിരിച്ചതിന് ശേഷം നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള നീക്കവുമായി സർക്കാർ മുന്നോട്ട് പോകയാണെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ദേശീയ മാധ്യമങ്ങളോട് അഭിപ്രായപ്പെട്ടു. 

മൊത്തത്തിലുള്ള മദ്യവിൽപ്പനയുടെ വ്യാപനം നിയന്ത്രിക്കാനുള്ള സർക്കാർ പദ്ധതിയെക്കുറിച്ചുള്ള അഭ്യൂഹങ്ങളെത്തുടർന്ന് പരിഭ്രാന്തരായ മദ്യ ഇറക്കുമതിക്കാരെ ഇറക്കുമതി തീരുവ വര്‍ധന ഉണ്ടാകില്ലെന്ന സൂചനകള്‍ ആശ്വസിപ്പിക്കുന്നുണ്ട്. 

നിലവിലെ കണക്കനുസരിച്ച്, വോഡ്ക, വിസ്കി എന്നിവയുൾപ്പെടെയുള്ള വീര്യം കൂടിയ മദ്യത്തിന് മറ്റ് ചാർജുകൾക്കൊപ്പം 150 ശതമാനം അടിസ്ഥാന കസ്റ്റംസ് തീരുവയും ബിയറിന് 100 ശതമാനം കസ്റ്റംസ് തീരുവയുമുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മദ്യത്തിന്റെ ഇറക്കുമതി വർദ്ധിച്ചിട്ടുണ്ട്.